
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനോട് കലാപക്കൊടി ഉയർത്തിയ കെ. സുധാകരൻ ഒടുവിൽ ലക്ഷ്യം കണ്ടിരിക്കുകയാണ്. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയ സുധാകരൻ, പാർട്ടി വിടുമെന്നും താനടക്കം 15 പേർ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. നേതാക്കളെ ഫോണിൽ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞ് സുധാകരൻ വാർത്താസമ്മേളനത്തിന് ഒരുങ്ങിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. തുടർന്ന് മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നിർണായക ഇടപെടലുകളാണ് പൊട്ടിത്തെറി ഒഴിവാക്കിയത്. മൂന്നാം പിണറായി സർക്കാർ വരാൻ ഇടയാക്കരുതെന്ന ആന്റണിയുടെ അഭ്യർത്ഥനയും സീറ്റ് ഉറപ്പാക്കാമെന്ന വാഗ്ദാനവുമാണ് സുധാകരനെ പിന്തിരിപ്പിച്ചത്.
ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ച് ‘ഹീറോ’ പരിവേഷത്തോടെ സുധാകരൻ മടങ്ങിയെത്തുമ്പോൾ വൻ സ്വീകരണത്തിനാണ് അണികൾ ഒരുങ്ങുന്നത്. ദില്ലിയിൽ നിന്ന് വിമാനമിറങ്ങുന്ന സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളം മുതൽ റോഡ് ഷോ ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ആവേശം കൊള്ളുന്ന അണികൾക്കിടയിലും സ്വന്തം തട്ടകമായ കണ്ണൂരിൽ സുധാകരന് തിരിച്ചടി നേരിടുന്നുണ്ട്. സുധാകരൻ മത്സരിക്കുന്നതിനോട് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ കടുത്ത എതിർപ്പാണ് ഉയർന്നത്. പത്ത് മണ്ഡലം കമ്മിറ്റികളും സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.
സുധാകരന്റെ അനാരോഗ്യം പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രാദേശിക നേതാക്കൾ, മറ്റൊരു ഉപതിരഞ്ഞെടുപ്പ് നേരിടാൻ മണ്ഡലം സജ്ജമല്ലെന്ന നിലപാടിലാണ്. സുധാകരൻ മത്സരിക്കണമെന്ന വാശി പാർട്ടിക്ക് ഗുണകരമാകില്ലെന്നാണ് ഭാരവാഹികളുടെ പക്ഷം. അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ, ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കി സീറ്റ് നേടിയ സുധാകരന് സ്വന്തം മണ്ഡലത്തിലെ ഈ ആഭ്യന്തര കലഹം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Sudhakaran Secures Kannur Seat After Standoff with High Command; Local Units Express Dissent










