
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടും അസ്വസ്ഥതയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മാർച്ച് 26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയോടൊപ്പം വായുവിൽ ഈർപ്പം വർധിക്കുന്നതിനാൽ മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടും. ചൂടിന് നേരിയ ആശ്വാസമായി മാർച്ച് 27, 28 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.
Summer : Intense heat and discomfort will continue in the state















