അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ. മഹാരാഷ്ട്രയുടെ അടുത്ത ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ പത്നിയും രാജ്യസഭാ എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ജനുവരി 31 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അജിത് പവാർ വഹിച്ചിരുന്ന എൻസിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്കും സുനേത്ര പവാറിനെ തിരഞ്ഞെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്. ഈ സാഹചര്യത്തിൽ ഒഴിവുവന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാറിനെ എത്തിക്കാൻ എൻസിപിയിലെ മുതിർന്ന നേതാക്കൾ ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി എൻസിപി നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സുനേത്രയുടെ സ്ഥാനാരോഹണത്തിന് വഴിതെളിഞ്ഞത്. ഫെബ്രുവരി ഏഴിന് നടക്കാനിരിക്കുന്ന പുണെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാർ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, കായികം എന്നീ വകുപ്പുകൾ സുനേത്ര പവാറിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന സവിശേഷതയും ഈ നിയമനത്തിനുണ്ട്. നിലവിൽ രാജ്യസഭാ അംഗമായ സുനേത്ര, അജിത് പവാറിന്റെ മരണത്തോടെ ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് പിന്നീട് ജനവിധി തേടുമെന്നും സൂചനയുണ്ട്.














