കടലുണ്ടിയുടെ ശാന്തതയിൽ തോണി തുഴഞ്ഞും കോഴിക്കോടൻ രുചിവൈവിധ്യങ്ങൾ ആസ്വദിച്ചും ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ശനിയാഴ്ച രാവിലെ ബന്ധുക്കൾക്കൊപ്പം സ്വകാര്യ സന്ദർശനത്തിനായി നഗരത്തിലിറങ്ങിയ അവർ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി ഒഴിവാക്കിയാണ് സാധാരണക്കാരിയായി നാട്ടുകാർക്കിടയിലേക്ക് എത്തിയത്. നീല ജീൻസും മെറൂൺ ടോപ്പും ധരിച്ച് അതീവ ഊർജ്ജസ്വലയായാണ് അവർ ഓരോ ഇടങ്ങളും സന്ദർശിച്ചത്.
രാവിലെ ഏഴരയോടെ കടലുണ്ടി കമ്യൂണിറ്റി റിസർവ് കാണാനാണ് സുനിത ആദ്യമെത്തിയത്. കണ്ടൽക്കാടുകളുടെ ഭംഗി ആസ്വദിച്ച് തോണിയിൽ സഞ്ചരിക്കവെ, അവർ സ്വയം തുഴയെടുത്ത് തോണി തുഴഞ്ഞത് കൂടെയുള്ളവരിലും നാട്ടുകാരിലും വിസ്മയമുണ്ടാക്കി. ബഹിരാകാശത്ത് മാസങ്ങളോളം ചിലവഴിച്ച താരം, കടലുണ്ടിപ്പുഴയിലെ ശാന്തമായ യാത്രയെക്കുറിച്ചും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സന്ദർശക പുസ്തകത്തിൽ ഹൃദ്യമായ കുറിപ്പും രേഖപ്പെടുത്തി.
യാത്രയുടെ അടുത്ത ഘട്ടത്തിൽ ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറിയുടെ ചരിത്രം ചോദിച്ചറിഞ്ഞ അവർ, പിന്നീട് കുറ്റിച്ചിറ മിശ്കാൽ പള്ളിയിലേക്കാണ് പോയത്. പള്ളിയുടെ പുരാതന നിർമ്മാണരീതിയും ചരിത്രശേഷിപ്പുകളും അവർ കൗതുകത്തോടെ നോക്കിക്കണ്ടു. നഗരത്തിലെ ഫലൂദ നാഷൻസിൽ നിന്ന് ഫലൂദയും ഗുജറാത്തി സ്ട്രീറ്റിലെ ഗുദ്ദാം ആർട്ട് കഫേയിലെ പുരാവസ്തു ശേഖരങ്ങളും സുനിതയ്ക്ക് പുത്തൻ അനുഭവമായി.
കോഴിക്കോടിന്റെ വിശ്വപ്രസിദ്ധമായ രുചി തേടി പാരഗൺ റെസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. വെള്ളയപ്പവും ഇളനീർ സ്റ്റ്യുവും ഏറെ ഇഷ്ടത്തോടെ കഴിച്ച അവർക്കായി വഴുതനങ്ങ തവ ഗ്രിൽ, കാന്താരി മഷ്റൂം തുടങ്ങിയ വിഭവങ്ങളും വിളമ്പി. മുമ്പ് ദുബായ് പാരഗണിൽ നിന്ന് കഴിച്ചതും ബഹിരാകാശത്തേക്ക് പോകും മുമ്പ് ആഗ്രഹിച്ചതുമായ ബീറ്റ്റൂട്ട് ഹോട്ട് ഹൽവയും വാനില ഐസ്ക്രീമും ചേർത്തുള്ള ഡെസേർട്ട് അവർക്കായി പ്രത്യേകം തയ്യാറാക്കിയിരുന്നു.
ലയോള സ്കൂളിലെ വിദ്യാർത്ഥി മാനവേദൻ വരച്ച ചിത്രം സുനിതയ്ക്ക് സമ്മാനമായി നൽകി. തന്റെ സന്ദർശനത്തിലുടനീളം നാട്ടുകാരോട് കുശലം പറഞ്ഞും പുഞ്ചിരിച്ചും സമയം ചിലവഴിച്ച സുനിതാ വില്യംസ്, ബഹിരാകാശത്തെ അദ്ഭുതങ്ങൾക്കപ്പുറം ഒരു നാടിന്റെ സ്നേഹവും രുചിയും തൊട്ടറിഞ്ഞാണ് മടങ്ങിയത്.














