
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫ് വീണ്ടും ജനവിധി തേടാൻ തീരുമാനിച്ചതോടെ, കെപിസിസി അധ്യക്ഷ ചുമതല മറ്റൊരാൾക്ക് കൈമാറാൻ കോൺഗ്രസിൽ ധാരണയായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം മാത്രമായിരിക്കും ഈ ചുമതലാ കൈമാറ്റം നടക്കുക. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുന്ന സാഹചര്യത്തിൽ താത്കാലിക അധ്യക്ഷന്റെ നേതൃത്വത്തിലാകും കോൺഗ്രസ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് ദില്ലിയിൽ നടന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്.
കെപിസിസി അധ്യക്ഷന്റെ ചുമതലയിലേക്ക് കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവരുടെ പേരുകൾക്കാണ് നിലവിൽ മുൻഗണന കൽപ്പിക്കുന്നത്. പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ നേരത്തെയും അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുധാരണ നിലനിൽക്കുന്നതിനാൽ കൊടിക്കുന്നിലിന് സംഘടനാ ചുമതല നൽകിയേക്കും. മുതിർന്ന നേതാവായ കെ സി ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്.
ഇവർക്ക് പുറമെ ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. വിവിധ സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാൻ ഒരു പ്രത്യേക നേതാവിനെ മാത്രം നിയോഗിക്കാതെ കൂട്ടായ നേതൃത്വത്തിന് കീഴിൽ നീങ്ങാനാണ് പാർട്ടി തീരുമാനം. എന്നാൽ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് സംസ്ഥാന നേതാക്കൾ ഏകകണ്ഠമായി നിർദ്ദേശിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ചൊവ്വ മുതൽ വ്യാഴം വരെ ഓരോ ജില്ലയിലെയും കോർ കമ്മിറ്റി അംഗങ്ങൾ, എംഎൽഎമാർ എന്നിവരുമായി കെപിസിസി നേതൃത്വം കൂടിക്കാഴ്ച നടത്തും. ഓരോ ജില്ലയിലെയും പ്രാദേശിക സാഹചര്യങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും തേടിയ ശേഷം മാത്രമാകും സ്ക്രീനിംഗ് കമ്മിറ്റി അന്തിമ പട്ടിക തയ്യാറാക്കുക. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.












