“ട്രംപ്, നിക്കോയെ ഞങ്ങൾക്ക് തിരികെ തരൂ…” മഡുറോയുടെ തിരിച്ചുവരവും കാത്ത് വെനിസ്വേലയിലെ അനുയായികൾ

കാരക്കാസ്: യുഎസ് ആക്രമണത്തിൽ അട്ടിമറിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്ത നിക്കോളാസ് മഡുറോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ആയിരക്കണക്കിന് ആളുകൾ വെനസ്വേലയിൽ മാർച്ച് നടത്തി. ജനുവരി 3-ന് അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെത്തുടർന്ന് വെനസ്വേലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ പ്രതിഷേധങ്ങൾ തുടരുകയാണ്. “ട്രംപ്, നിക്കോയെ ഞങ്ങൾക്ക് തിരികെ തരൂ!” കാരക്കാസ് ഡൗണ്ടൗണിലൂടെ മൂന്ന് കിലോമീറ്റർ പ്രതിഷേധ മാർച്ചിനിടെ വെയിലും മഴയും വകവയ്ക്കാതെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നതിങ്ങനെയാണ്.

“നമ്മുടെ പ്രസിഡന്റ് നിരപരാധിയാണ്, നമ്മുടെ പ്രസിഡന്റ് ഒരു അധ്വാനിക്കുന്ന മനുഷ്യനാണ്, ജനങ്ങളുടെ മനുഷ്യനാണ്,” മഡുറോയെപ്പോലെ സൈനിക വസ്ത്രവും ചുവന്ന ബെററ്റും ധരിച്ച 58 കാരിയായ കമ്മ്യൂണിറ്റി നേതാവായ നാൻസി റാമോസ് പറഞ്ഞു, എഎഫ്‌പിയോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് കാരക്കാസിൽ വലിയ തോതിൽ ഒത്തുകൂടി അദ്ദേഹത്തെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. കാരക്കാസ് മേയർ കാർമെൻ മെലൻഡസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാർക്കൊപ്പം ചേർന്ന് മഡുറോയുടെ തിരിച്ചുവരവിനായി മുദ്രാവാക്യം മുഴക്കുന്നുണ്ട്.

വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസ്, മഡുറോയെയും ഭാര്യയെയും ഉടൻ തിരിച്ചയക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യുഎസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവർ ആരോപിച്ചു.

മഡുറോയെ ‘തട്ടിക്കൊണ്ടുപോയതിനെ’ അപലപിച്ച് കൊളംബിയ, ബ്രസീൽ, മെക്സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ ഒത്തുകൂടി. വെനസ്വേലയിൽ സുരക്ഷിതമായ ഒരു അധികാരമാറ്റം ഉണ്ടാകുന്നതുവരെ അമേരിക്ക രാജ്യം ഭരിക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരെ ഇടതുപക്ഷ ഗ്രൂപ്പുകൾ പണം നൽകി ഇറക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

നിലവിൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കസ്റ്റഡിയിലാണ് മഡുറോയുള്ളത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.

അതേസമയം, മഡുറോയുടെ ഭരണത്തിൽ അതൃപ്തിയുള്ള ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ പുറത്താക്കലിനെ സ്വാഗതം ചെയ്യുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

Supporters in Venezuela await Maduro’s return

More Stories from this section

family-dental
witywide