
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികൾ വൈകിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. “അവ്യക്തവും അപ്രസക്തവുമായ” കാരണങ്ങൾ നിരത്തി എപ്പോഴും കോടതിയെ സമീപിക്കുന്നത് നിർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ വൈകിപ്പിക്കാനായി ഓരോ ദിവസവും അപ്രസക്തമായ പരാതികളുമായി കോടതിയെ സമീപിക്കരുത്. ഈ പ്രക്രിയയ്ക്ക് ഒരു അവസാനമുണ്ടാകണം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിധിയിലുള്ള വോട്ടർ പട്ടിക പുതുക്കൽ വേഗത്തിലാക്കാൻ ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി നേരത്തെ ഇടപെട്ടിരുന്നു. ഇതിനായി ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർമാരെ പ്രത്യേകമായി നിയോഗിക്കുകയും ചെയ്തു. കോടതിയുടെ ഈ ഇടപെടലിന് ശേഷവും സർക്കാർ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
വോട്ടർ പട്ടിക പുതുക്കൽ പൂർത്തിയാക്കാൻ സർക്കാർ സഹകരിക്കണമെന്നും അനാവശ്യ പരാതികൾ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ബംഗാളിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് സുപ്രീം കോടതി നേരിട്ട് ഇടപെട്ട് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ച ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് കോടതിയുടെ ഈ പരാമർശം ഉണ്ടായത്. “ചില വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ജുഡീഷ്യൽ ഓഫീസർമാർക്ക്, വോട്ടർമാരുടെ അപേക്ഷകൾക്കൊപ്പം സമർപ്പിക്കുന്ന രേഖകളിൽ ഏതെല്ലാം സ്വീകരിക്കണം എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശീലനം നൽകുന്നു.” എന്നായിരുന്നു സിബൽ ചൂണ്ടിക്കാട്ടയത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള രീതികൾ തീരുമാനിക്കേണ്ടത് കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ ലംഘനമാണിതെന്ന് സിബൽ വാദിച്ചു.
എന്നിരുന്നാലും, പ്രത്യേക വോട്ടർ പട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട വിഷയങ്ങൾ ഓരോ കാരണങ്ങൾ പറഞ്ഞ് ബംഗാൾ സർക്കാർ ഇടയ്ക്കിടെ കോടതിയിൽ ഉന്നയിക്കുന്നതിനോട് ബെഞ്ച് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
Supreme Court raps Bengal for rushing to court daily against SIR















