എസ്ഐആറിൽ ഒഴിവാക്കിയവരെക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാം, ബംഗാൾ കേസിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണ് അവിടുത്തെ ഭൂരിപക്ഷം എങ്കിൽ മാത്രം തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടാമെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ്ഐആർ (SIR) കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം. തിരഞ്ഞെടുപ്പ് പ്രക്രിയകൾ തടയുക എന്നതല്ല കോടതികളുടെ ധർമ്മമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ കോടതിയുടെ ഇടപെടൽ അനിവാര്യമായി വരുന്നുള്ളൂ എന്നും കോടതി കൂട്ടിച്ചേർത്തു.

രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ വോട്ടർമാർ ഞെരുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികളുള്ളവർ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വോട്ടവകാശം ഉറപ്പാക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള വീഴ്ചകൾ വോട്ടർമാരുടെ അവകാശങ്ങളെ ബാധിക്കരുതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ബംഗാളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ചും സുപ്രീം കോടതി പ്രധാന നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന സുരക്ഷ തുടരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തരുത്. ഇതിനായി സംസ്ഥാനത്ത് കേന്ദ്രസേനയുടെ വിന്യാസം വർദ്ധിപ്പിക്കാനും കോടതി ഉത്തരവിട്ടു. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നിർദ്ദേശമാണ് കോടതി നൽകിയിരിക്കുന്നത്.

Supreme Court sets conditions for interference in Bengal SIR case; orders continued security for judicial officers

More Stories from this section

family-dental
witywide