ഫെഡറൽ റിസർവിൻ്റെ കാര്യത്തിൽ ട്രംപിന്റെ അധികാരത്തിന് കടിഞ്ഞാണിടാൻ സുപ്രീം കോടതി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ: സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ തലവന്മാരെ പുറത്താക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുമതി നൽകിയിരുന്ന സുപ്രീം കോടതി, ഫെഡറൽ റിസർവ് (ഫെഡ്) വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായി സൂചന. ഫെഡിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് കോടതി ഇപ്പോൾ എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒരു വർഷത്തിനിടെ നാഷണൽ ലേബർ റിലേഷൻസ് ബോർഡ്, മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷൻ ബോർഡ് തുടങ്ങിയ ഏജൻസികളുടെ അംഗങ്ങളെ ട്രംപ് പുറത്താക്കാൻ സുപ്രീം കോടതി വഴിയൊരുക്കിയിരുന്നു. എന്നാൽ ഫെഡിന്റെ കാര്യത്തിൽ, പ്രസിഡന്റിന്റെ അധികാരത്തിന് പരിധിയുണ്ടെന്നതാണ് കോടതിയുടെ സൂചന. ഫെഡ് ഗവർണർമാരെ “യോഗ്യമായ കാരണമുണ്ടെങ്കിൽ മാത്രം” പുറത്താക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്.

ഫെഡിനെ മറ്റ് ഏജൻസികളിൽ നിന്ന് വ്യത്യസ്തമായി കാണുന്നുവെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “ഫെഡറൽ റിസർവ് പ്രത്യേക ഘടനയുള്ള, അർധസ്വകാര്യ സ്വഭാവമുള്ള സ്ഥാപനമാണെന്ന് കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെഡ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. ബുധനാഴ്ച നടന്ന വാദത്തിനിടെ, കുക്കിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന നിലപാടിലേക്കാണ് കോടതി നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

കുക്കിനെ പുറത്താക്കാൻ അനുവദിക്കുന്നത് “ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യം ദുർബലപ്പെടുത്തുകയോ തകർക്കുകയോ ചെയ്യും” എന്ന് ജസ്റ്റിസ് ബ്രെറ്റ് കവനോ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ കൺസർവേറ്റീവ് ജഡ്ജിമാരും ഫെഡിന്റെ നാണയനയ സ്വാതന്ത്ര്യത്തെ പ്രത്യേകം കാണുന്നുവെന്ന സൂചനയാണ് വാദത്തിനിടെ ഉയർന്നത്. അതേസമയം, ഫെഡിനെ മാത്രം സംരക്ഷിക്കുന്ന നിയമതത്വം എന്താണെന്ന ചോദ്യത്തിന് കോടതി വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചില നിയമവിദഗ്ധർ ഇതിനെ വിമർശനാത്മകമായി കാണുന്നു. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC), നാഷണൽ ലേബർ റിലേഷൻസ് ബോർഡ് തുടങ്ങിയ സ്വതന്ത്ര ഏജൻസികളിൽ നിന്ന് ഫെഡിനെ വേർതിരിക്കാൻ ശക്തമായ ചരിത്ര-നിയമ അടിസ്ഥാനമില്ലെന്നതാണ് അവരുടെ വാദം.

താഴത്തെ കോടതികളിലെ വിചാരണകൾ തുടരുന്നതിനിടെ ലിസ കുക്ക് സ്ഥാനത്ത് തുടരാമോ എന്നതാണ് സുപ്രീം കോടതി ആദ്യം തീരുമാനിക്കുക. എന്നാൽ ഭാവിയിൽ, ഫെഡിനെ മറ്റ് സ്വതന്ത്ര ഏജൻസികളിൽ നിന്ന് വ്യത്യസ്തമായി കാണുന്നതിന് കൂടുതൽ വ്യക്തമായ വിശദീകരണം നൽകേണ്ടി വരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, അമേരിക്കൻ ധനകാര്യ സംവിധാനത്തിലും വിപണികളിലും ഫെഡിന് ഉള്ള വലിയ സ്വാധീനമാണ് അതിന്റെ സ്വാതന്ത്ര്യത്തിന് സുപ്രീം കോടതിയിൽ ഒരു സംരക്ഷണം നൽകുന്നതെന്ന വിലയിരുത്തലും ശക്തമാണ്.

Supreme Court signals limits on Trump’s power over Federal Reserve

Also Read

More Stories from this section

family-dental
witywide