അമേരിക്കൻ സുപ്രീംകോടതി തന്റെ “ലിബറേഷൻ ഡേ” താരിഫുകൾ 6-3 ഭൂരിപക്ഷ വിധിയിൽ റദ്ദാക്കിയതിനെ തുടർന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കോടതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. 236 വർഷം പഴക്കമുള്ള സുപ്രീംകോടതി വിദേശ താൽപര്യങ്ങളുടെ സ്വാധീനത്തിൽപ്പെട്ടുവെന്നാണ് ട്രംപിന്റെ ആരോപണം. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലും തുടർന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലും ട്രംപ്, ഭൂരിപക്ഷ വിധി നൽകിയ ജഡ്ജിമാരെ “റാഡിക്കൽ ഇടതുപക്ഷത്തിന്റെ കൈയ്യാളുകൾ” എന്നും “രാജ്യദ്രോഹികൾ” എന്നും വിശേഷിപ്പിച്ചു.
കോടതിയെ ആഗോള ശക്തികൾ സ്വാധീനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ പരാതിക്കാരായ കമ്പനികളെയും ട്രംപ് വിമർശിച്ചു. ഷിക്കാഗോ ആസ്ഥാനമായ ലേണിംഗ് റിസോഴ്സസ് എന്ന വിദ്യാഭ്യാസ കളിപ്പാട്ട കമ്പനി ഇന്ത്യയിൽ നിന്ന് STEM കിറ്റുകളും ക്ലാസ്‌റൂം സാമഗ്രികളും ഇറക്കുമതി ചെയ്യുന്നു. “കേസെടുത്തവർ രാജ്യദ്രോഹികളാണ്, അവർ രാജ്യത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു,” എന്നാണ് ട്രംപ് പറഞ്ഞത്.
ഈ കേസിൽ ലേണിംഗ് റിസോഴ്സസിനായി വാദിച്ച ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാലും ട്രംപിന്റെ വിമർശനത്തിന് ഇരയായി. hand2mind എന്ന വിദ്യാഭ്യാസ കമ്പനിയ്ക്കുമായി മുഖ്യ അഭിഭാഷകനായിരുന്ന മറ്റൊരു ഇന്ത്യൻ വംശജനായ അഭിഭാഷകൻ പ്രതിക് ഷായെയും ട്രംപ് വിമർശിച്ചു. പ്രസിഡന്റിന് IEEPA നിയമപ്രകാരം താരിഫ് ചുമത്താനുള്ള അധികാരമില്ലെന്ന് ഇവർ കോടതിയിൽ വാദിച്ചിരുന്നു. ചെറിയ കുടുംബ ഉടമസ്ഥതയിലുള്ള ലേണിംഗ് റിസോഴ്സസ് ഇന്ത്യയിലെ ഫൺസ്കൂൾ, ലൈറ്റ്ഹൗസ് ലേണിംഗ് തുടങ്ങിയ കമ്പനികളിൽ നിന്ന് DIY സയൻസ് കിറ്റുകൾ, മോണ്ടിസോറി ശൈലിയിലുള്ള കളിപ്പാട്ടങ്ങൾ, യോഗ ബോളുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നു. 2025-ൽ മാത്രം 14 മില്യൺ ഡോളർ താരിഫ് അടച്ചതോടെ കമ്പനി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഈ കേസ് ഒരു പ്രസിഡന്റിനെക്കുറിച്ചല്ല, പ്രസിഡന്റിന്റെ അധികാരപരിധിയെക്കുറിച്ചാണെന്ന് ആയിരുന്നുവെന്ന് കോടതി വിധിക്ക് പിന്നാലെ കത്യാൽ പ്രതികരിച്ചത്. ഇത് അധികാര വിഭജനത്തെക്കുറിച്ചുള്ള കാര്യമാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സുപ്രീംകോടതി സംരക്ഷിച്ചതിൽ സന്തോഷമുണ്ട് എന്നും കത്യാൽ പറഞ്ഞു. ഒരു കുടിയേറ്റക്കാരന്റെ മകനായി ഞാൻ കോടതിയിൽ പോയി, ചെറുകിട അമേരിക്കൻ ബിസിനസുകളുടെ പേരിൽ പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വാദിക്കാൻ കഴിഞ്ഞു. ഇതാണ് അമേരിക്കൻ സംവിധാനത്തിന്റെ പ്രത്യേകത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപ് സുപ്രീംകോടതിയോട് കടുത്ത വിമർശനം തുടർന്നു. വിധിയിൽ പങ്കെടുത്ത മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാരെയും അദ്ദേഹം വിമർശിച്ചു. തന്റെ ആദ്യകാല ഭരണകാലത്ത് നിയമിച്ച നീൽ ഗോർസച്ച്, എമി കോണി ബാരറ്റ് എന്നിവരെ വ്യക്തിപരമായി വിമർശിച്ച ട്രംപ്, “അവരുടെ കുടുംബങ്ങൾക്കു പോലും ഇത് ലജ്ജാകരമാണ്” എന്നു പറഞ്ഞു. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജിയാണ്.
വെള്ളിയാഴ്ച ഗവർണർമാരുമായുള്ള യോഗത്തിനിടെ സുപ്രീംകോടതി വിധിയെക്കുറിച്ച് വിവരം ലഭിച്ച ട്രംപ് അതീവ രോഷാകുലനായതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വൈറ്റ് ഹൗസ് ബ്രിഫിംഗ് റൂമിൽ എത്തിയപ്പോഴും അദ്ദേഹം പ്രകോപിതനായിരുന്നു. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിന് ജഡ്ജിമാർക്ക് ക്ഷണമുണ്ടോ എന്ന ചോദ്യത്തിന് “വരണമെങ്കിൽ വരട്ടെ, എനിക്ക് കാര്യമായ പരിഗണനയില്ല” എന്നാണ് ട്രംപ് മറുപടി നൽകിയത്.
IEEPA നിയമപ്രകാരം ദേശീയ സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയാണ് ട്രംപ് വ്യാപകമായ താരിഫുകൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കോൺഗ്രസിനാണ് വ്യാപാര-നികുതി അധികാരങ്ങളിൽ പ്രധാനാധികാരം ഉള്ളതെന്നും പ്രസിഡൻറ് അധികാരം അതിക്രമിച്ചതാണെന്നും സുപ്രീംകോടതി വിധിച്ചു. മൂന്ന് ലിബറൽ ജഡ്ജിമാരും മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാരും ചേർന്നുള്ള വിധി പാർട്ടിസൻ രാഷ്ട്രീയമല്ല, ഭരണഘടനാ ഘടനയും നിയമ വ്യാഖ്യാനവുമാണ് അടിസ്ഥാനമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഈ വിധി പ്രസിഡന്റിന്റെ ഏകപക്ഷീയ വ്യാപാര നയങ്ങൾക്ക് നിയന്ത്രണം വരുത്തുമോ എന്നത് വ്യക്തമല്ലെങ്കിലും, വൈറ്റ് ഹൗസും രാജ്യത്തെ പരമോന്നത കോടതിയും തമ്മിലുള്ള ബന്ധത്തിൽ പുതിയ സംഘർഷം സൃഷ്ടിച്ചതാണ് വ്യക്തം.
Supreme Court under foreign influence; Trump makes harsh allegations after tariff verdict, criticizes American companies and lawyers with ties to India










