
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നും നിയമസഭയിൽ അപ്രതീക്ഷിത ഫലങ്ങൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഐ ബി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടിച്ച് പറിക്കുന്ന പുലികളെപ്പോലെ ബിജെപി അംഗങ്ങൾ ഇക്കുറി നിയമസഭയിലെത്തുമെന്നും വരുംകാലങ്ങളിൽ കേരളം ഭരിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണം മോഷ്ടിച്ചവരോട് അത് തിരികെ കൊണ്ടുവന്ന് വയ്ക്കടാ എന്ന് നേരിട്ട് പറയാൻ കെൽപ്പുള്ളവർ നിയമസഭയിൽ ഉണ്ടാകുമെന്നും ഏക സിവിൽ കോഡിലേക്കാണ് രാജ്യത്തിന്റെ യാത്രയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വിദേശ സഹായ നിയന്ത്രണ ചട്ടമായ എഫ്‌സിആർഎ (FCRA) സംബന്ധിച്ച് ആശങ്കയുള്ളവർ കള്ളന്മാരാണെന്നും കണക്കുകൾ കൃത്യമായവർക്ക് ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനാമി ഇടപാടുകൾ ഇല്ലാത്തവർക്ക് എന്തിനാണ് ആശങ്കയെന്നും അദ്ദേഹം ചോദിച്ചു. പാലായിൽ ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ, പാലാക്കാർ ഷോണിന് വോട്ട് നൽകണമെന്നും അവന്റെ അപ്പൻ പി.സി. ജോർജ് പൂഞ്ഞാർ പിടിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ ശക്തമായ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Suresh Gopi predicts surprise assembly results in Kerala; calls BJP members ‘ferocious tigers’














