ശോഭയും സുരേന്ദ്രനും ബിജെപിയുടെ രണ്ട് സിംഹങ്ങൾ; പാലക്കാട് മാത്രം 4 സീറ്റ് ‘ഇങ്ങെടുക്കുമെന്നും’ സുരേഷ് ഗോപിയുടെ പ്രഖ്യാപനം

ബിജെപിയിലെ കരുത്തരായ രണ്ട് സിംഹങ്ങളാണ് ശോഭ സുരേന്ദ്രനും കെ. സുരേന്ദ്രനുമെന്നും അവർ തിരഞ്ഞെടുക്കപ്പെടുന്നത് കേരളത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലെ മികച്ച നേതാക്കൾക്ക് ഇതുവരെ ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളതെന്നും എന്നാൽ ഇത്തവണ കഥ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ലയിൽ ഇക്കുറി ബിജെപി കുറഞ്ഞത് നാല് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃശൂരിലെ ജനങ്ങൾ രാഷ്ട്രീയം നോക്കാതെയാണ് തന്നെ തിരഞ്ഞെടുത്തതെന്നും അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ശേഷം ബോധ്യമുണ്ടെങ്കിൽ മാത്രമേ വീണ്ടും വോട്ട് ചോദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും എൽ ഡി എഫിനും യു ഡി എഫിനും എതിരെ കടന്നാക്രമണം നടത്തി. ഇന്ന് ലൈംഗികാരോപണം ഉയർന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് പ്രശോഭിനെതിരേയും ആഞ്ഞടിച്ചു. ലൈംഗിക പരാതിയിൽ ഉടൻ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടമല്ല, നിരവധി മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പരാതികളെന്ന് അവർ പരിഹസിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിനായി തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെക്കാനും ബിജെപി തയ്യാറാണെന്ന് ശോഭ വ്യക്തമാക്കി.

അറസ്റ്റ് വൈകുന്നതിൽ പോലീസിനെതിരെ രൂക്ഷവിമർശനമാണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചത്. പ്രതിയെ പിടികൂടാത്ത പക്ഷം കുറ്റവാളികളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. പാലക്കാട് നിരവധി ഒളിത്താവളങ്ങൾ ഉണ്ടെന്നും അവിടെയൊക്കെ ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ച അവർ, വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെയും ചോദ്യം ചെയ്തു. വോട്ട് പിടിക്കാനുള്ള സമയം നഷ്ടപ്പെട്ടാലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രഖ്യാപനം.

Suresh Gopi terms Shobha and Surendran as BJP’s lions; Shobha demands arrest in sexual assault case

More Stories from this section

family-dental
witywide