ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചു, 5 വർഷങ്ങൾക്ക് ശേഷം എംആർഐ സ്കാനിംഗിൽ കണ്ടെത്തി; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഞെട്ടിക്കുന്ന ചികിത്സാ പിഴവ് ആരോപണം. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി വിട്ടുമാറാത്ത വയറുവേദനയും അസ്വസ്ഥതകളുമായി കഴിഞ്ഞിരുന്ന യുവതി, കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്കാനിംഗിലൂടെയാണ് വയറ്റിൽ കത്രിക ഇരിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ യുവതിയും കുടുംബവും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പലതവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നു. വേദന സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം നടത്തിയ വിശദമായ സ്കാനിംഗിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക (Artery Forceps) കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇത് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം, പരാതി ഗൗരവകരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയായതിനാൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഇപ്പോൾ ഇവിടെ ജോലിയിലില്ലെന്നും എങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹർഷീനയുടെ സംഭവത്തിന് സമാനമായ ഈ വീഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Surgical Scissors Left Inside Woman’s Abdomen for Five Years: Serious Medical Negligence Reported at Vandanam Medical College

More Stories from this section

family-dental
witywide