തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും യഥാർത്ഥ ഇര താനാണെന്നുമാണ് പരാതിക്കാരന്റെ ആരോപണം. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
തന്റെ ദാമ്പത്യ ജീവിതം നശിപ്പിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും പ്രതിയുടെ ലൈംഗിക താൽപര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത്. മനഃപ്പൂർവ്വം തന്റെ കുടുംബ ജീവിതം തകർക്കാനാണ് അയാൾ ശ്രമിച്ചത്. അച്ഛനും അമ്മയുടെയും ഏക മകനായതിനാൽ അവരുടെ കാര്യങ്ങൾ നോക്കാനായി പാലക്കാട്ടേക്ക് വരികയും താമസിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. തങ്ങൾക്കിടയിലുണ്ടായ ചെറിയ സൗന്ദര്യപിണക്കങ്ങളെ പ്രതി മുതലെടുക്കുകയായിരുന്നു. രാഹുലിന്‍റെ വാദങ്ങളെല്ലാം തെറ്റാണെന്നും തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് ചോദ്യങ്ങൾ ഉന്നയിച്ചു.
തനിക്കും കുടുംബത്തിനുമുണ്ടായ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഇനി ആരും ഇത് ആവർത്തിക്കാതിരിക്കാനും തനിക്കുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും യുവതിക്കുണ്ടായ മോശം അനുഭവത്തിന്മേലും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 84 പ്രകാരം കുറ്റം ചെയ്തതിന് തെളിവുള്ളതിനാലും നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും പരാതിക്കാരൻ പറയുന്നുണ്ട്. യുവതി നൽകിയ ലൈംഗികപീഡന പരാതിയിലും മറ്റൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം പുതിയ പരാതി കോടതിയിൽ നിർണായകമാകും. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാന്‍ കഴിയും. കുടുംബപ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇടപ്പെട്ടുള്ള പരിചയമാണ് യുവതിയുമായിട്ടുള്ളതാണെന്നാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതിനെ തള്ളുന്നതാണ് ഭര്‍ത്താവിന്റെ പരാതി.
Survivor’s husband filed complaint against Rahul Mamkootathil










