സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിലെ പ്രശസ്ത ബാറായ ലെ കോൺസ്റ്റലേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ 40 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബാർ മാനേജർമാർക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി സ്വിസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു. ജാക്ക്‌സ്, ജെസിക്ക മൊറെട്ടി എന്നീ ഫ്രഞ്ച് ദമ്പതികളായ മാനേജർമാർക്കെതിരെയാണ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അശ്രദ്ധ മൂലമുള്ള മനുഷ്യഹത്യ, അശ്രദ്ധ മൂലമുള്ള പരിക്കുകൾ, അശ്രദ്ധ മൂലമുള്ള അഗ്‌നിബാധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ നിന്ന് എട്ട് സ്വിസ് പൗരന്മാരെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ പ്രായം 16 മുതൽ 24 വരെ ആണെന്ന് അധികൃതർ അറിയിച്ചു. പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാറിൽ ഉപയോഗിച്ചിരുന്ന അകൗസ്റ്റിക് ഫോം തീപിടിത്തത്തിന് കാരണമായോയെന്നും അത് നിയമാനുസൃതമാണോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്നും വാലൈസിലെ മുഖ്യ പ്രോസിക്യൂട്ടർ ബിയാട്രിസ് പിലൂദ് പറഞ്ഞു.
മരിച്ചവരിലും കാണാതായവരിലും നിരവധി കൗമാരക്കാർ ഉൾപ്പെടുന്നു. യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയമായിരുന്ന ബാറായിരുന്നു ‘ലെ കോൺസ്റ്റലേഷൻ’.ഇറ്റലിയിൽ നിന്നുള്ള ഒരു കൗമാര ഗോൾഫറാണ് ആദ്യം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്ത വ്യക്തി. എന്നാൽ ഇതുവരെ സ്വിസ്, ഇറ്റാലിയൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച ഉച്ചയോടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാകുമെന്ന് അംബാസഡർ അറിയിച്ചു. ഇരകളിൽ പലർക്കും ഗുരുതരമായ പൊള്ളലേറ്റതിനാലാണ് തിരിച്ചറിയൽ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ആശങ്കപ്പെടുന്ന കുടുംബങ്ങൾക്കായി ഹെൽപ്‌ലൈൻ നമ്പർ തുറന്നിട്ടുണ്ട്: +41 848 112 117
Swiss ski resort bar fire: Criminal case against managers












