
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ പെരമ്പൂർ, തമിഴ്‌നാടിൻ്റെ ഹൃദയഭാഗമായ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. പാർട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള വിജയ്യുടെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പത്രികയിൽ ‘സി. ജോസഫ് വിജയ്’ എന്ന തൻ്റെ ഔദ്യോഗിക പേരാകും അദ്ദേഹം നൽകുക.
പെരമ്പൂരിൽ ഡി.എം.കെയിലെ ആർ.ഡി. ശേഖറിനെയും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഇണിഗോ ഇരുദയരാജിനെയുമാണ് വിജയ് നേരിടുക. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടികയും അദ്ദേഹം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത തമിഴ്‌നാട്, തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങൾ വിജയ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വിജയിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നായി ഇത് മാറിയിരിക്കുകയാണ്.
Tamil Nadu Assembly Elections: Vijay to contest from two constituencies; TVK targets Perambur and Tiruchirappalli East with ‘offer’ of Rs. 4000 per month for youth













