ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെയും പത്മകുമാറിൻറെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായി മാറിയത്. കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപ്പെടൽ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ലഭിച്ച ലാഭത്തിൻറെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്.

നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Tantri Kandararu Rajeevaru arrested in Sabarimala theft case, brought to crime branch office

More Stories from this section

family-dental
witywide