
തൃക്കരിപ്പൂര്‍: പിലിക്കോട് പുത്തിലോട്ട് എയുപി സ്കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. കള്ളവോട്ട് ആരോപണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരസ്യമായ വാക്കുതര്‍ക്കത്തിലേക്കും ഭീഷണിയിലേക്കും നീങ്ങിയത്.
ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ് ഏജൻ്റ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ ഇത് തൻ്റെ സ്വന്തം വോട്ടാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ ബൂത്തിനുള്ളില്‍ ഏജൻ്റും വോട്ടറും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി.
ഈ സമയത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ ബൂത്തിലെത്തിയത്. തര്‍ക്കത്തില്‍ ഇടപെട്ട സന്ദീപ് വാര്യര്‍ പ്രിസൈഡിങ് ഓഫീസറോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഉദ്യോഗസ്ഥര്‍ കൃത്യമായി ഇടപെടുന്നില്ലെന്നും കള്ളവോട്ടിന് കൂട്ടുനില്‍ക്കുകയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
മണ്ഡലത്തില്‍ കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കര്‍ശന സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
സംഭവത്തെത്തുടര്‍ന്ന് ബൂത്തിന് പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാഗ്വാദം നടന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Tension in Thrikaripur: Complaint filed against Sandeep Warrier for threatening the presiding officer












