ഹോർമുസ് ഉപരോധം തുടങ്ങിയെന്ന് സ്ഥിരീകരിച്ച് അമേരിക്ക, തുറക്കാൻ ബ്രിട്ടനൊപ്പം ഫ്രാൻസും കൈകോർത്തതോടെ ലോകരാജ്യങ്ങൾ ചേരിതിരിയുന്നു, യുദ്ധ ഭീതി കനക്കുന്നു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഉപരോധ പ്രഖ്യാപനത്തോടെ ഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി പടരുന്നു. ഹോർമൂസിൽ ഉപരോധം ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര സമുദ്ര മേഖല കടുത്ത ആശങ്കയിലായി. എന്നാൽ അമേരിക്കൻ പടക്കപ്പലുകളെ നേരിടാൻ തങ്ങൾ സജ്ജരാണെന്നും കാത്തിരിക്കുകയാണെന്നുമാണ് ഇറാന്റെ വെല്ലുവിളി. ഇതോടെ തന്ത്രപ്രധാനമായ ഈ ജലപാതയെച്ചൊല്ലി ലോകരാജ്യങ്ങൾക്കിടയിൽ വ്യക്തമായ ബലാബലം പ്രകടമാവുകയാണ്. ഹോർമൂസ് തുറന്നുകൊടുക്കാൻ ബ്രിട്ടൻ വിളിച്ചുചേർത്ത ഉച്ചകോടിയിൽ ഫ്രാൻസും പങ്കുചേരുമെന്ന് പ്രഖ്യാപിച്ചതോടെ അമേരിക്കൻ നിലപാടിനെതിരെ യൂറോപ്യൻ ശക്തികൾ ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഹോർമൂസ് കടലിടുക്ക് തുറന്നു നൽകാൻ പ്രതിരോധത്തിലൂന്നിയ നടപടികൾ സ്വീകരിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാട്. നാവിക ഗതാഗതം തടസ്സപ്പെടരുതെന്ന് ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും വാക്പോര് തുടരുകയാണ്. ഇസ്ലാമാബാദിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ ഇറാൻ സൗദി അറേബ്യയെ ധരിപ്പിച്ചു. അതേസമയം, ഹോർമൂസ് തടഞ്ഞാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് പൂട്ടുമെന്ന ഇറാന്റെ ഭീഷണി മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

യുദ്ധത്തിനെതിരായ നിലപാട് സ്വീകരിച്ച മാർപാപ്പയെ രാഷ്ട്രീയ എതിരാളിയെപ്പോലെ ട്രംപ് കടന്നാക്രമിച്ചതും വലിയ ചർച്ചയായിട്ടുണ്ട്. മാർപാപ്പ വിദേശനയങ്ങളിൽ പരാജയമാണെന്നും കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ആളാണെന്നുമാണ് ട്രംപിന്റെ ആക്ഷേപം. എന്നാൽ ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്നും നിരപരാധികൾ കൊല്ലപ്പെടുന്ന യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. ലോകം പുതിയൊരു യുദ്ധമുഖത്തേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

Tension mounts in Strait of Hormuz as France joins UK-led summit; Global powers divided over Trump’s blockade

More Stories from this section

family-dental
witywide