അമ്പലപ്പുഴയിൽ ബൂത്തിൽ ജി സുധാകരനെ സിപിഎം തടഞ്ഞെന്ന് പരാതി; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം, നിരവധി പേർക്ക് പരിക്ക്

അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി ജി. സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ലജനത്തുൽ മുഹമ്മദിയ സ്കൂളിലെ ബൂത്തിൽ സുധാകരനൊപ്പം കൂടുതൽ ആളുകൾ എത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥാനാർത്ഥിയെ മാത്രം പ്രവേശിപ്പിക്കാമെന്ന് സിപിഎം നിലപാടെടുത്തതോടെ വാക്കേറ്റമുണ്ടാവുകയും ഒടുവിൽ പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.

വോട്ടെടുപ്പ് ദിനത്തിൽ വടക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലെ ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാർക്ക് നേരെ മർദ്ദനമുണ്ടായി. മട്ടന്നൂരിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്തു. മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ സിപിഎം പ്രവർത്തകർ കൂകിവിളിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായി. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

കാസർകോട് ഉദിനൂരിലും പേരാവൂരിലും യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ചതായി പരാതിയുണ്ട്. ഉദിനൂരിൽ പരിക്കേറ്റ വനിതാ ഏജന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചീഫ് ഇലക്ഷൻ ഓഫീസർ കേസെടുക്കാൻ നിർദ്ദേശം നൽകി. കുറ്റ്യാടിയിൽ കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ഏജന്റുമാരെ മർദ്ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. മിക്കയിടങ്ങളിലും സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

തെക്കൻ കേരളത്തിലും മലബാർ മേഖലയിലും സ്ഥാനാർത്ഥികൾക്ക് നേരെ പ്രതിഷേധമുണ്ടായി. പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പെരുമാതുറയിൽ പാർട്ടിക്കാർ ബൂത്തിനുള്ളിൽ കയറിയതിനെ ചൊല്ലി സംഘർഷമുണ്ടായി. പേരാമ്പ്രയിൽ വോട്ട് ചെയ്യാൻ സഹായത്തിനെത്തിയ സ്ത്രീയെ സിപിഎം നേതാവ് മർദ്ദിച്ചതായും പരാതിയുണ്ട്. പോലീസും സുരക്ഷാ സേനയും ഇടപെട്ടാണ് പലയിടങ്ങളിലും പോളിംഗ് നടപടികൾ പുനരാരംഭിച്ചത്.

Tensions flare in Kerala as G Sudhakaran blocked in Ambalappuzha; widespread clashes reported across state

More Stories from this section

family-dental
witywide