ന്യൂഡൽഹി: തമിഴ്നാട്ടിൽ വൻ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് പൗരൻ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് ഞായറാഴ്ച അറിയിച്ചു. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ചാര ഏജൻസിയുടെയും ബംഗ്ലാദേശ് ആസ്ഥാനമായ ചില ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഗൂഢാലോചന നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അറസ്റ്റിലായ എട്ടിൽ മിസാനുര്‍ റഹ്മാൻ, മുഹമ്മദ് ഷബത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഡൽഹിയിലേക്ക് കൊണ്ടുവന്നു.
ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.ഇതിനിടെ പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുപേരെയും കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഭീകരർക്കു സഹായം നൽകിയെന്ന സംശയമുള്ള പ്രതികൾ നിരവധി നഗരങ്ങളിൽ നിരീക്ഷണ പ്രവർത്തനം നടത്തിയിരുന്നുവെന്നും പൊലീസ് വാർത്താ ഏജൻസി എഎൻഐയോട് വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഉത്തുകുളിയിൽ നിന്ന് രണ്ട് പേരെയും, പള്ളടത്തിൽ നിന്ന് മൂന്ന് പേരെയും, തിരുമുരുകൻപൂണ്ടി മേഖലയിൽ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തു. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് യഥാർത്ഥ തിരിച്ചറിയൽ മറച്ച് വസ്ത്ര നിർമ്മാണ മേഖലയിലാണ് ഇവർ ജോലി ചെയ്തിരുന്നതെന്നാണ് വിവരം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങുന്ന സംഘത്തെക്കുറിച്ചുള്ള വ്യക്തമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടപടികളെന്ന് പൊലീസ് വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞു.
തെളിവെടുപ്പിനിടെ ഡസൻ കണക്കിന് മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. ഇവ പരിശോധിച്ച് ശൃംഖലയുടെ വ്യാപ്തിയും വിദേശ ബന്ധങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം.പ്രാഥമിക അന്വേഷണത്തിൽ പാകിസ്താന്റെ ഐഎസ്ഐയുമായി ബന്ധപ്പെട്ട ഹാൻഡ്ലർമാരുമായും ബംഗ്ലാദേശ് ആസ്ഥാനമായ ചില സംഘടനകളുമായും സംഘത്തിന് ബന്ധമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ സഹകരിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഡൽഹിയിൽ നടന്ന എഐ സമിറ്റിനിടെ ഒരു മെട്രോ സ്റ്റേഷനിൽ ‘ഫ്രീ കാശ്മീർ’ അടക്കമുള്ള പോസ്റ്ററുകൾ പതിച്ചതും പ്രതികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇവർ തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മടങ്ങിയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.എല്ലാ പ്രതികളും സോഷ്യൽ മീഡിയ വഴി തമ്മിൽ ബന്ധപ്പെടുകയായിരുന്നു. എട്ടിൽ നാലുപേർ ചേർന്നാണ് പോസ്റ്റർ പതിക്കാൻ ഡൽഹിയിലേക്ക് യാത്ര ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, പാകിസ്താൻ ആസ്ഥാനമായ നിരോധിത ഭീകരസംഘടന ലഷ്കർ-ഇ-തയ്യിബ (എൽഇടി) ദേശീയ തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന വ്യക്തമായ രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച ഡൽഹിയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Terror attack plot in India; Eight people arrested, Pakistan ISI-Bangladesh links under investigation









