
കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലുള്ള ശശി തരൂർ എംപിയെ ഇടതുമുന്നണിയിലെത്തിക്കാൻ സി.പി.എം നീക്കം സജീവമാക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ദുബായിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയുടെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ചകൾ നടക്കുമെന്നാണ് വിവരം. ഇന്ന് രാവിലെ ദുബായിലേക്ക് തിരിച്ച തരൂർ, വൈകിട്ടോടെ ഈ പ്രമുഖ വ്യവസായിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ‘മഹാപഞ്ചായത്ത്’ വേദിയിൽ രാഹുൽ ഗാന്ധിയിൽ നിന്ന് നേരിട്ട അവഗണനയിൽ തരൂർ അതീവ അസംതൃപ്തനാണ്.
നിലവിലെ സാഹചര്യത്തിൽ ജനുവരി 27-ന് തിരുവനന്തപുരത്ത് ചേരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തരൂർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തരൂരിനെ പിണക്കി നിർത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും മധ്യവർഗത്തിനുമിടയിൽ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതൃത്വം ഭയക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ എ.ഐ.സി.സി നേതൃത്വവും ഇടപെടൽ ആരംഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി തന്നെ നേരിട്ട് തരൂരുമായി സംസാരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.
തരൂർ ഇടത് പാളയത്തിലേക്ക് മാറുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വിസ്മയമായി മാറുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. തിരുവനന്തപുരത്തെ സ്വാധീനശക്തിയായ തരൂരിനെ ഒപ്പം നിർത്തിയാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് എൽ.ഡി.എഫിന് വലിയ മേൽക്കൈ നൽകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങളോട് തരൂർ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി.













