തരൂർ ഇടതുപാളയത്തിലേക്കില്ല; അഭ്യൂഹങ്ങൾ തള്ളി എം.വി ഗോവിന്ദൻ, ‘തരൂർ കേന്ദ്ര സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് ഒരു പ്രതിപക്ഷം ചെയ്യേണ്ടുന്ന ധർമ്മം മാത്രം’

തിരുവനന്തപുരം : ശശി തരൂർ ഇടതുപാളയത്തിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സാങ്കല്‍പികമായ ചോദ്യവും സാങ്കല്‍പികമായ ഉത്തരവും അടിസ്ഥാനപരമായി തെറ്റാണ്. ആ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശശി തരൂർ ബിജെപിയും പ്രധാനമന്ത്രിയെയും ഉള്‍പ്പെടെ നിരന്തരമായി വാഴ്ത്തുന്ന വ്യക്തിയാണ്, നിലവില്‍ കോണ്‍ഗ്രസിൻ്െ പ്രമുഖനായ നേതാവായി തുടരുന്നയാളുമാണ് അങ്ങനെയുള്ള സാഹചര്യത്തില്‍ അദ്ദേഹം സിപിഎമ്മുമായി ചേർന്നു പോവുകയാണ് എന്നുള്ള പ്രചാരവേലയില്‍ കാര്യമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല- ഗോവിന്ദൻ പ്രതികരിച്ചു.

തരൂർ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് ഒരു പ്രതിപക്ഷം ചെയ്യേണ്ടുന്ന ധർമ്മം മാത്രമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ക്രിയാത്മകമായ പിന്തുണ നല്‍കുക എന്നത് പ്രധാനമാണെന്നും എന്നാല്‍ ഇവിടുത്തെ പ്രതിപക്ഷം അങ്ങനെയല്ലെന്നും. കേരളത്തെ പോലെ മറ്റൊരു പ്രതിപക്ഷം ലോകത്ത് വേറെ എവിടെയുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

തരൂർ ഇടതുപക്ഷത്തേക്ക് മാറുന്നു എന്നത് നിലവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവമായ ഒരു അഭ്യൂഹമാണ്. കൊച്ചിയിൽ നടന്ന ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ തഴയപ്പെട്ടതായും രാഹുൽ ഗാന്ധി തന്റെ പേര് പരാമർശിക്കാതിരുന്നതിലും ശശി തരൂർ അസംതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം ഡൽഹിയിൽ നടന്ന നിർണ്ണായക തെരഞ്ഞെടുപ്പ് തന്ത്രരൂപീകരണ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. തരൂരിനായി ഇടതുപക്ഷത്തിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ തരൂരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരൂർ ദുബായിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇത് സി.പി.എമ്മിലേക്കുള്ള ചുവടുമാറ്റത്തിന് മുന്നോടിയാണെന്നും ചില റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

അതേസമയം, അത്തരത്തിലൊരു നീക്കമില്ലെന്നാണ് തരൂർ തന്നെ ദുബായിൽ വച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തു നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ വാർത്തകളെ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. തരൂർ ഒരിക്കലും ഇടതുപക്ഷത്തേക്ക് പോകില്ലെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമാണ് ഔദ്യോഗികമായി കോൺഗ്രസ് നിലപാട്. 

Tharoor will not join the Left camp; M.V. Govindan refutes rumors

More Stories from this section

family-dental
witywide