‘അമ്മയോടൊപ്പം’ നിർധനരായ നൂറുകണക്കിന് അമ്മമാരുടെ കരംപിടിച്ച് ഫോമ, പിറവത്ത് നന്മ നിറച്ച് ജീവകാരുണ്യ പ്രവർത്തനം

കോട്ടയം: സമൂഹത്തിൽ അവശതയനുഭവിക്കുന്ന നിർധന വിധവകളായ നൂറുകണക്കിന് അമ്മമാർക്ക് വീണ്ടും ഫോമായുടെ കൈത്താങ്ങ്. പ്രായമായ മാതാപിതാക്കളെ ശരണാലയത്തിൽ തള്ളി ബാധ്യതയൊഴിയുന്ന ഒരു ദുരന്ത കാലഘട്ടത്തിലാണ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ആഭിമുഖ്യത്തിൽ അമ്മമാരെ നെഞ്ചോട് ചേർത്ത് ആദരിക്കുന്നത്. മാതൃത്വത്തിൻ്റെ മഹത്വവും സഹജീവി സ്നേഹത്തിൻ്റെ മാഹാത്മ്യവും വിളിച്ചോതുന്ന 14-ാമത് ‘അമ്മയോടൊപ്പം’ പരിപാടി ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വലിയ പൊതുജന പങ്കാളിത്തത്തോടെ പിറവത്ത് നടക്കും.

കഴിഞ്ഞ 13 വർഷമായി നിർധനരും വിധവകളുമായ പ്രായംചെന്ന അമ്മമാർക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയാണ് ‘അമ്മയോടൊപ്പം’. കഴിഞ്ഞ വർങ്ങളിൽ ആയിരക്കണക്കിന് മാതൃഹൃദയങ്ങൾക്കാണ് ഈ മഹനീയ പദ്ധതിയിലൂടെ സാന്ത്വനമേകിയത്. ഇക്കുറിയും നിർധന വിധവകളായ 750 അമ്മമാർക്കാണ് വസ്ത്രവും ധാന്യക്കിറ്റും മെഡിക്കൽ കിറ്റും സഹായ ധനവും നൽകുന്നതെന്ന് ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ആശംസകളോടെ സാന്നിധ്യമറിയിക്കും.

ഫോമാ കേരള കൺവൻഷനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി നാട്ടിലെത്തിയിട്ടുള്ള പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, നാഷണൽ കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ എന്നിവർക്കൊപ്പം ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചാരിറ്റിയുടെ വിളംബരമായ ‘അമ്മയോടൊപ്പം’ പരിപാടിയിൽ പ്രാർത്ഥനാനിരതരാവും. സാബു കെ ജേക്കബ് ആണ് അമ്മയോടൊപ്പം പരിപാടിയുടെയും കോ-ഓർഡിനേറ്റർ.

അതേസമയം, അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരള കൺവൻഷൻ 2026-ൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. കൺവൻഷൻ്റെ മുന്നോടിയായി ഫോമാ, പരുമല സെൻ്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ജനുവരി 3-ാം തീയതി ചങ്ങനാശേരി കുറിച്ചി സെൻ്റ് മേരീസ് & സെന്റ്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിൻഡ്‌സർ കാസിലിൽ ആണ് അമേരിക്കൻ മലയാളികളുടെ കേരളോൽസവമായ ‘ഫോമാ കേരള കൺവൻഷൻ 2025’-ന് വേദിയൊരുങ്ങുന്നത്. ജനുവരി 9-ാം തീയതി രാവിലെ 10 മുതൽ രാത്രി 11 വരെയാണ് ആയിരത്തിലധികം പേർ പങ്കെടുക്കുന്ന ഉദ്ഘാടന ദിന പരിപാടികൾ. ഉദ്ഘാടന ചടങ്ങിന് ശേഷം ഫോമായുടെ നാടുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിൻ്റെ മകുടോദാഹരണമായ ചാരിറ്റി പ്രോഗ്രാമിലൂടെയാണ് കൺവൻഷന് തുടക്കം കുറിക്കുക.

ജനുവരി 10ന് രാവിലെ മുതൽ വൈകുന്നേരം വരെ വേമ്പനാട്ട് കായലിലൂടെയുള്ള ആഘോഷമായ ഹൗസ് ബോട്ട് സഞ്ചാരമുണ്ട്. കേരളാ കൺവൻഷന്റെ ശ്രദ്ധേയമായ മറ്റൊരു ഇവൻ്റാണ് അവസാന ദിവസമായ 11-ാം തീയതി എറണാകുളം ഗോകുലം പാർക്കിലെ, വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖർ സംഗമിക്കുന്ന ബിസിനസ് മീറ്റ്. ഫോമായുടെ മുൻ പ്രസിഡന്റും ബിസിനസ് ഫോറം ചെയറുമായ ബേബി ഊരാളിൽ കോ-ഓർഡിനേറ്ററാണ്.

The 14th ‘Ammayodoppam’ event by FOMAA will be held at Piravam today

More Stories from this section

family-dental
witywide