2026 – 2027 സംസ്ഥാന ബജറ്റിൽ ട്രംപിൻ്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രസർക്കാർ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ജിഎസ്ടി നിരക്ക് കുറച്ചത് കേരളത്തിന്റെ നികുതി വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും ട്രംപിന്റെ നടപടികൾ ലോകവ്യാപാര രംഗത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
താരിഫുകൾ ഉയർത്തിയത് ആ അനിശ്ചിതത്വം വർധിപ്പിച്ചു. നമ്മുടെ സമുദ്ര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെയും സാരമായി ബാധിച്ചു. യൂറോപ്യൻ സാമ്പത്തിക സമൂഹവുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പൂർണമായും പുറത്തുവന്നിട്ടില്ല. നമ്മുടെ ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർക്കും വ്യവസായ മേഖലകൾക്കും ഇതുമൂലം തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണെന്നും ഈ സാഹചര്യം ഉൾപ്പെടെ നേരിടാൻ നമുക്ക് മുൻകൂട്ടി സജ്ജരാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യക്രമത്തിൽ നിന്നും ലോകം പിന്നോട്ടുരുളുന്ന കാഴ്ച ആശങ്കയുളവാക്കുന്നതാണ്. ഒരു റിപ്ലബ്ലിക്കിന്റെ തലവനെ അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി പ്രസിഡന്റ് മന്ദിരത്തിൽ നിന്നും അറസ്റ്റ് ചെയ്ത് അമേരിക്കയിലെ ജയിലിൽ അടച്ചതുപോലുള്ള സംഭവങ്ങൾ കോളനി ഭരണക്കാലത്ത് പോലും അപൂർവമായിരുന്നു. ഇത്തരം കാര്യങ്ങൾ നമുക്കും മുന്നറിയിപ്പാണ്. കേരളീയർ ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ താൽപര്യത്തിന് വേണ്ടി നിന്നാൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നും നമ്മുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The 2026-27 budget speech by Kerala Finance Minister K N Balagopal criticizes Trump’s actions












