”നവകേരള സർവേയുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കൽ”, മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : നവകേരള സർവേയുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. കഴിഞ്ഞ വർഷം ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന നവകേരള പൗരപ്രതികരണ പരിപാടിയുടെ ജില്ലാതല നിർവഹണ സമിതി അംഗങ്ങളുടെ ശിൽപശാലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

“വികസിത രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് നമ്മുടെ ലക്ഷ്യം. ഇത് പൂർത്തിയാക്കാൻ നമുക്ക് മറ്റൊരു ഊഴം കൂടി അത്യാവശ്യമാണ്. സർവേയിൽ പങ്കെടുക്കുന്ന വോളന്റിയർമാരുടെ മനസ്സിൽ ഇത് ഉണ്ടായിരിക്കണം” മുഖ്യമന്ത്രി ശബ്ദരേഖയിൽ പറയുന്നു.

” ഇപ്പോൾ 10 വർഷമായി ഇവിടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുകയാണ്. ഇനി വീണ്ടും അത് തുടരണമോ ? ഇവിടെ സാധാരണഗതിയിൽ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ ആ സർക്കാരിനെതിരെയുള്ള ഒരു ഭരണവിരുദ്ധ വികാരം നാട്ടിൽ സ്വാഭാവികമായിട്ടുണ്ടാവും. പക്ഷേ കേരളത്തിലെ ഒരു പ്രത്യേകത നാട്ടിലിറങ്ങിയാൽ കാണാം. നിങ്ങളുടെ വൊളന്റിയർമാരും ഇറങ്ങാൻ പോവുകയാണല്ലോ. അപ്പോൾ അവർക്കെല്ലാവർക്കും ബോധ്യപ്പെടും. ഒരു തരത്തിലുള്ള ഭരണവിരുദ്ധ വികാരവും നാട്ടിൽ നിലനിൽക്കുന്നില്ല എന്നുള്ളതാണ് യഥാർഥ വസ്തുത. എന്തുകൊണ്ടാണ് തുടർഭരണം വേണം എന്ന് പറയുന്നത്. നമ്മുടെ നാടിന്റെ നേട്ടങ്ങൾ സംരക്ഷിക്കണം. കൂടുതൽ നല്ല രീതിയിലേക്ക് നാടിനെ ഉയർത്തണം. അതിനു തുടർഭരണം ആവശ്യമാണ്. അല്ലെങ്കിൽ നാട് പുറകോട്ട് പോവുകയാണ് ചെയ്യുക. മുൻകാലങ്ങളിലെ അനുഭവം അതാണ്. 2021ലെ തുടർ‍ഭരണത്തിന്റെ ഭാഗമായി നല്ലനിലയ്ക്ക് നമുക്ക് മുന്നോട്ട് പോകാനായിട്ടുണ്ട്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. 2031 ആകുമ്പോഴേക്കും കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് ഒരു പ്രത്യേക നിലയിലേക്ക് സംസ്ഥാനം എത്തുകയാണ്. നല്ല രീതിയിലേക്ക് അഭിവൃത്തി പ്രാപിക്കാൻ കഴിയണം. അതിന്റെ ഭാഗമായുള്ള നല്ല മാറ്റം കേരളത്തിൽ സംഭവിക്കണം. അതിനു നമ്മൾ സാധാരണ പറയുന്നത് നവ കേരളം എന്നത് നമ്മുടെ നാടിന്റെ ജീവിത നിലവാരത്തിൽ വരുന്ന മാറ്റമാണ്. എല്ലാവർക്കും ആ മാറ്റം അനുഭവപ്പെടണം. വലിയൊരു ദൗത്യമാണ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ഈ പോകുന്ന വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയവാരകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു വിവരിക്കുക അതാണ് അവർ ചെയ്യേണ്ട കാര്യം. ചിലരെങ്കിലും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചെന്നു വരും. അതിൽ കുടുങ്ങാതെ ശാന്തമായി കാര്യങ്ങൾ വിശദീകരിച്ചു വരാൻ നമുക്ക് സാധിക്കണം. ഇത്രയുമാണ് ഈ ഘട്ടത്തിൽ എനിക്കു പറയാനുള്ളത്’’ – മുഖ്യമന്ത്രി

സർക്കാർ ഫണ്ട് ഉപയോഗിച്ച് പാർട്ടിക്ക് വേണ്ടിയുള്ള വിവരശേഖരണമാണ് നവകേരള സർവേ എന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി ഇന്നലെ ഈ സർവേ റദ്ദാക്കിയിരുന്നു. മതിയായ സാമ്പത്തിക അനുമതിയില്ലാതെയാണ് 20 കോടി രൂപ ചിലവിട്ട് ഈ പദ്ധതി നടപ്പിലാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിൻ്റെ പണം ഉപയോഗിച്ച് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ശ്രമമാണ് നവകേരള സർവേയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ഈ ശബ്ദരേഖയോടെ ശരിവെക്കപ്പെട്ടതായി യു.ഡി.എഫ് നേതാക്കളും ആരോപിക്കുന്നു.

The aim of the Nava Kerala survey is to ensure continued rule in the upcoming elections, the Chief Minister’s audio recording is out.

More Stories from this section

family-dental
witywide