
തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികൾ ഇന്ന് ബാർ കൗൺസിൽ പരിഗണിക്കുന്നു. ഇന്ന് വൈകുന്നേരം കൊച്ചിയിൽ ചേരുന്ന ബാർ കൗൺസിൽ യോഗത്തിൽ അദ്ദേഹത്തിന് നോട്ടീസ് അയക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്.
തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എം എൽ എ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. വിശദമായ വാദം കേട്ട ശേഷമായിരിക്കും അഭിഭാഷക പട്ടികയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളിൽ ബാർ കൗൺസിൽ അന്തിമ തീരുമാനമെടുക്കുക. കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും.
1990-ലെ ഒരു ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ച കേസിൽ, നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ ജനുവരി 3-ന് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് എം.എൽ.എ സ്ഥാനവും നഷ്ടമായിരുന്നു. അഭിഭാഷക സമൂഹത്തിന് നാണക്കേടുണ്ടാക്കിയ പ്രവൃത്തി എന്ന നിലയിലാണ് ബാർ കൗൺസിൽ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നത്.
The Bar Council will consider disciplinary action against Antony Raju today.











