
ന്യൂഡൽഹി : ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ നിർണായകമായ ബ്ലാക്ക് ബോക്സ് അന്വേഷണസംഘം കണ്ടെടുത്തു. ബുധനാഴ്ച നടന്ന അപകടത്തെക്കുറിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും മുംബൈ റീജിയണൽ ഓഫീസിൽ നിന്നുള്ള ഡി.ജി.സി.എ പ്രതിനിധികളും അടങ്ങുന്ന പ്രത്യേക സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തുന്നത്.
വിമാനത്തിന്റെ വേഗത, ഉയരം, എൻജിൻ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളും ബ്ലാക് ബോക്സിൽ നിന്നും ലഭ്യമാകും. ഇത് വിശകലനം ചെയ്യുന്നതിലൂടെ അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം പൈലറ്റിന് റൺവേ കൃത്യമായി കാണാൻ കഴിയാതിരുന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുമെന്നും നിശ്ചിത കാലയളവിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ചുപേരും അപകടത്തിൽ മരണപ്പെട്ടിരുന്നു.
അതേസമയം, വിമാനാപകടവുമായി ബന്ധപ്പെട്ട് വിമാനത്തിൻ്റെ ഉടമസ്ഥരായ ഡൽഹി ആസ്ഥാനമായുള്ള വി.എസ്.ആർ വെഞ്ചേഴ്സ് ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമഗ്രമായ പരിശോധന നടത്തി. ഡൽഹിയിലെ മഹിപാൽപൂരിലുള്ള വി.എസ്.ആർ ഏവിയേഷൻ ഓഫീസിലാണ് എ.എ.ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിമാനത്തിൻ്റെ ലോഗ് ബുക്കുകൾ, എൻജിൻ വർക്ക് ഓർഡറുകൾ, മെയിന്റനൻസ് റെക്കോർഡുകൾ തുടങ്ങിയ പ്രധാന രേഖകൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കൊണ്ടുപോയി.
ഓഫീസിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. അപകടം നടന്ന വിമാനത്തിൻ്റെ സാങ്കേതിക ക്ഷമതയും മുൻപത്തെ അറ്റകുറ്റപ്പണികളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഈ നടപടി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ വിമാനക്കമ്പനിയുടെ വിമാനങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. 2023-ൽ മുംബൈയിൽ നടന്ന അപകടത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടോ എന്ന് ഇപ്പോൾ പരിശോധിക്കുന്നുണ്ട്.
The black box of the plane in which Ajit Pawar was travelling was recovered












