കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപറേഷന്റെ (സി സി സി) നേതൃത്വത്തില്‍ മരട് ഹോട്ടല്‍ ലെ മെറിഡിയന്‍ കൺവെൻഷൻ സെൻ്ററിൽ ഇഫ്താർ സംഗമം നടന്നു. സി സി സി ചെയർമാൻ ഗൾഫാർ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വോട്ടു ലാഭത്തിനു വേണ്ടി മനുഷ്യരെ വിഭജിക്കാതെ സ്നേഹത്തിൻ്റെ ഭാഷയിൽ എല്ലാവരേയും ഒന്നിപ്പിക്കണമെന്ന് മുഹമ്മദലി ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യ ദേശത്ത് തീ ആളിക്കത്തുമ്പോൾ അസ്വസ്ഥമായ മനസ്സോടെയാണ് ലോകം അതിനെ നോക്കിക്കാണുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മൂന്ന് രാജ്യങ്ങളാണ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെങ്കിലും ലോകത്തിൽ മുഴുവൻ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ആയുധങ്ങൾ ചെന്നു വീഴുന്നത് നിരപരാധികളുടെ ദേഹത്താണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലും സമാധാനം പുലരട്ടെയെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥിച്ചു.
മനുഷ്യനെ ഒന്നിപ്പിക്കുന്നതിന് ജാതിയും മതവും തടസ്സമാകരുതെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു.
ക്രൈസ്തവ, ഇസ്ലാം മത വിശ്വാസികൾ നോമ്പിലുള്ള കാലത്ത് യുദ്ധത്തിൻ്റെ വാർത്തകളാണ് വരുന്നതെന്ന് ഫാ. തോമസ് തറയിൽ പറഞ്ഞു. ഒരു യുദ്ധവും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ഒരു യുദ്ധവും നന്മയുമല്ലെന്നും അദ്ദേഹം പറഞ്ഞു.
നന്മയാണ് മതങ്ങളൊക്കെ അനുശാസിക്കുന്നതെന്നും അതിനാണ് ഊന്നൽ നൽകേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സത്യത്തേയും സ്നേഹത്തേയും ലോകത്ത് ഒന്നിനും നശിപ്പിക്കാൻ സാധിക്കില്ലെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
പി മുജീബ് റഹ്മാൻ, ഡോ. പുനലൂർ സോമരാജൻ, ഡോ. ഹുസൈൻ മടവൂർ, സ്വാമി സൂര്യശങ്കർ, സ്വാമി ശ്രീ ഗുരു സായ് പ്രീത്, സി എച്ച് അബ്ദുറഹീം എന്നിവർ പ്രസംഗിച്ചു.
ഓണമ്പള്ളി മുഹമ്മദ് ഫൈസി റമദാൻ സന്ദേശം നൽകി. മനുഷ്യരോട് കാരുണ്യം കാണിക്കാനാണ് ദൈവം പറയുന്നതെന്നും മനുഷ്യനെ ചേർത്തുപിടിക്കുന്നതാണ് റമദാൻ്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
സി സി സി ജനറൽ സെക്രട്ടറി രാമചന്ദ്രൻ സ്വാഗതവും ഫാ. ജേക്കബ് പാലക്കാപ്പള്ളി നന്ദിയും പറഞ്ഞു.
ഗോപിനാഥ് മുതുകാട്, അബൂബക്കർ, പുനലൂർ സോമൻ എന്നിവരെ ആദരിച്ചു.
വൈവിധ്യങ്ങളിലെ ഐക്യം- യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ
സംസ്ഥാനതല രണ്ടാമത് മലയാളം പ്രസംഗ മത്സരത്തിലെ ജേതാക്കൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്റ്റേഹ എസ് ഒന്നാം സ്ഥാനസ്ഥാനവും ദിയ ട്രീസ തോമസ് രണ്ടാം സ്ഥാനവും ഷറഫുന്നി സ കരോളിൽ മൂന്നാം സ്ഥാനവും നേടി.













