
അടിയൊഴുക്ക് , അടവുനയം , അന്തർധാര… കേരള രാഷ്ട്രീയത്തിലെ കടിച്ചാൽപൊട്ടാത്ത ഈ വാക്കുകൾ ഇപ്പോൾ ഒരു പുതിയ വാക്കിന് വഴിമാറിയിരിക്കുകയാണ് – ഡീൽ .. ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ഇപ്പോൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത് ഡീലുകളെ കുറിച്ചാണ്. പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ അടച്ചുപൂട്ടിയതോ യുദ്ധം മുറുകുമ്പോൾ സാമ്പത്തിക രംഗം തളരുന്നതോ ആശമാരുടെ സമരമോ തൊഴിൽ ഇല്ലായ്മയോ വന്യമൃഗശല്യമോ ഒന്നുമല്ല മുഖ്യം ഡീലാണ് .. ഡീൽ..
യുഡിഎഫും എൽഡിഎഫും എൻഡിഎയും ഡീൽ ആരോപണങ്ങൾ ഉയർത്തി കഴിഞ്ഞു. കോൺഗ്രസാണ് ഈ ആരോപണം ശക്തമായി ഉന്നയിക്കുന്നത്. പാലക്കാട്ടും മഞ്ചേശ്വരത്തും ഉൾപ്പെടെ കേരളത്തിലെ 21 മണ്ഡലങ്ങളിൽ സിപിഎം – ബിജെപി ഡീലുണ്ട് എന്നാണ് കോൺഗ്രസ് ആരോപണം. യഥാർഥ ഡീൽ കോൺ ഗ്രസും ബിജെപിയും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. 27 സംസ്ഥാനങ്ങളിലും കൈകോർത്ത് നിൽക്കുന്ന സിപിഎമ്മും കോൺഗ്രസും തമ്മിലല്ലേ യഥാർഥ ഡീൽ എന്ന് ബിജെപി ചോദിക്കുന്നു. എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ കത്തുന്നത് ഡീൽ വിവാദമാണ്.
രാഷ്ട്രീയക്കാരനല്ലാത്ത ന്യൂനപക്ഷ സമുദായ അംഗത്തെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയത് ബിജെപി – സിപിഎം ഡീലിൻ്റെ ഭാഗമാണ് എന്നാണ് കോൺഗ്രസ് ആരോപണം. ന്യൂനപക്ഷ വോട്ടുകൾ ചിതറിക്കാനും അതുവഴി കോൺഗ്രസിൻ്റെ പരാജയം ഉറപ്പാക്കാനുമാണ് സിപിഎം ശ്രമമെന്നാണ് ആരോപണം.
ശബരിമല സ്വർണകൊള്ള സ്വാധീനിക്കുന്ന റാന്നി, കോന്നി എന്നീ മണ്ഡലങ്ങളിൽ എൻഡിഎ നിർത്തിയിരിക്കുന്നത് പ്രശസ്തരല്ലാത്ത 20 ട്വൻ്റി , ബിഡിജെഎസ് സ്ഥാനാർഥികളെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ 32000ൽ ഏറെ വോട്ടുകൾ നേടിയ കോന്നി മണ്ഡലമാണ് ഘടകകക്ഷിക്ക് കൊടുത്തത്. . കെ. സുരേന്ദ്രൻ ഇത്തവണ മൽസരിക്കുന്ന മഞ്ചേശ്വരത്ത് എൽഡിഎഫ് ശക്തനായ സ്ഥാനാർഥിയെ നിർത്താത്തത് കോന്നിക്കും റാന്നിക്കും പകരമുള്ള സഹായമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ തുടങ്ങി ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ട്വൻ്റി 20 ക്ക് കൈമാറിയത് ഡീലിൻ്റെ ഭാഗമാണ് എന്ന് കോൺഗ്രസ് ആരോപിക്കുന്നു. രണ്ടുമാസം മുമ്പാണ് സാബു എം ജേക്കബിൻ്റെ ട്വൻ്റി 20 പാർട്ടി എൻഡിഎ മുന്നണിയിൽ എത്തുന്നത്, ബിജെപിയുടെ എ ക്ളാസ് മണ്ഡലങ്ങൾ ഉൾപ്പെടെ 19 സീറ്റുകൾ ട്വൻ്റി 20ക്ക് നൽകിത് ബിജെപിക്കുള്ളിൽ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട് .
ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ടുമറിക്കുന്ന ചില അടവുനയങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ കേരളം കണ്ടിട്ടുണ്ട്. അതായത് ഡീൽ ഒരു പുതിയ ഏർപ്പാട് അല്ല. ഇപ്പോൾ ബിജെപിയുടെ സാന്നിധ്യം കേരളത്തിലെ 30- 35 സീറ്റുകളിൽ വളരെ സുവ്യക്തമായതോടെ ഡീലുകളുടെ എണ്ണവും വ്യാപ്തിയും കൂടിയെന്നു മാത്രം. കേരളത്തിലെ പല മണ്ഡലങ്ങളിലേയും ഭൂരിപക്ഷം 5000 വോട്ടിനു താഴെയാണ്. അത്രയും വോട്ടുകൾ ആർക്ക് അനുകൂലമായി മറിയുന്നോ അയാൾ ജയിക്കും.. . കേരളത്തിലെ ഏതാണ്ട് 40 മണ്ഡലങ്ങളിൽ എൽഡിഎഫിനു മേൽക്കൈയുണ്ട്. ബാക്കി 31 സീറ്റുകൾ ഉറപ്പാക്കാൻ ബിജെപി നിർണായക ശക്തിയായ 21 മണ്ഡലങ്ങളിൽ ഡീലുണ്ട് എന്നാണ് ആരോപണം.. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ വന്നിട്ടുണ്ടോ എന്ന് ഇതുവരെ എവിടെയും പുറത്തുവന്നിട്ടില്ല. പക്ഷേ കേരളത്തിൽ ഒരു പൊളിറ്റിക്കൽ എൻജിനീയറിങ്ങ് നടക്കുന്നുണ്ട് എന്ന് ഈ സീറ്റ് വിഭജനത്തിൽ നിന്ന് വ്യക്തമാണ്. അതിന് എല്ലായിടത്തും ഒരേ പാറ്റേണ ആയിരിക്കില്ല പക്ഷേ.. അത് സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അതിനു കാരണം ഇടതും ബിജെപിയും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ് – കോൺഗ്രസിൻ്റെ പരാജയം. ഇത്തവണ ബിജെപിക്ക് 5 സീറ്റ് കിട്ടിയാൻ തന്നെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നവർ ഒരുപാട് പേരുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ എല്ലാ കണ്ട പറ്റേൺ അതാണ്. അതോടെ കോൺഗ്രസ് തകരും. ഇതൊക്കെ മുന്നിൽ കണ്ടാണ് കോൺഗ്രസ് ഈ ഡീൽ വിവാദം ഇത്ര രൂക്ഷമായി ആരോപിക്കുന്നത്.
ഇനി, ആർക്കു വോട്ടു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്…കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ സാക്ഷരതയിലും മുൻപന്തിയിൽ തന്നെയുള്ളവരാണ്. കേരളത്തിന്റെ മതേതര – ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തുന്നവരേയും കുതികാൽവെട്ടുകാരേയും അധികാരക്കൊതിയന്മാരേയും തിരിച്ചറിയാൻ അവർക്ക് കഴിയും. അതുകൊണ്ട് പ്രിയപ്പെട്ട മുന്നണികളേ… നിങ്ങൾ ജനങ്ങളുമായാണ് ഡീൽ ഉണ്ടാക്കേണ്ടത്.












