‘ലോകാവസാന ക്ലോക്കി’ല്‍ അന്ത്യയാമത്തിന് ഇനി വെറും 85 സെക്കൻ്റ് മാത്രം, വെല്ലുവിളിയായത് ആണവായുധങ്ങളും കാലാവസ്ഥാ വ്യതിയാനവും എഐ ഭീഷണിയും

ലോകം ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന വൻ ഭീഷണികൾ മുന്നിൽകണ്ട് ലോകാവസാന ഘടികാരത്തിൽ (‘ഡൂംസ്ഡേ ക്ലോക്ക്’) അർധരാത്രിക്ക് ഇനി വെറും 85 സെക്കൻ്റ് മാത്രം. ഇത് ക്ലോക്ക് സ്ഥാപിച്ചതിന് ശേഷമുള്ള ഏറ്റവും അടുത്ത സമയമാണ്. ‘ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്‌സ്’ എല്ലാ വർഷവും ജനുവരിയിലാണ് ക്ലോക്കിലെ സമയം പുതുക്കുന്നത്. ജനുവരി 27-ന് നടത്തിയ പ്രഖ്യാപനത്തിലാണ് പുതിയ സമയം അറിയിച്ചത്. 2025-ലെ ഡൂംസ്ഡേ ക്ലോക്ക് സമയത്തേക്കാൾ നാല് സെക്കൻഡ് കൂടി ഇപ്പോൾ അർദ്ധരാത്രിയോട് അടുത്തിരിക്കുകയാണ്. ലോക നേതാക്കളും നോബൽ സമ്മാന ജേതാക്കളും ഉൾപ്പെടുന്ന ലാഭേച്ഛയില്ലാത്ത മാധ്യമ സ്ഥാപനമാണ് ‘ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്‌സ്’.

 ‘ഡൂംസ്ഡേ ക്ലോക്ക്’

മനുഷ്യനിർമിതമായ കാരണങ്ങളാൽ ലോകം ഒരു ആഗോള ദുരന്തത്തിലേക്ക് എത്രത്തോളം അടുത്തിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മകമായ ക്ലോക്കാണ് ‘ഡൂംസ്ഡേ ക്ലോക്ക്’ (Doomsday Clock). ഇതിനെ ‘അന്ത്യദിനഘടികാരം’ എന്നും വിളിക്കുന്നു.  ഈ ക്ലോക്കിലെ ‘അർദ്ധരാത്രി’ (Midnight) എന്നത് ലോകാവസാനത്തെയോ അല്ലെങ്കിൽ മനുഷ്യരാശിയുടെ പൂർണ്ണമായ നാശത്തെയോ ആണ് സൂചിപ്പിക്കുന്നത്. ഓരോ വർഷവും ശാസ്ത്രജ്ഞർ ലോകസാഹചര്യങ്ങൾ വിലയിരുത്തി ക്ലോക്കിലെ സമയം മാറ്റുന്നു. സമയം അർദ്ധരാത്രിയോട് അടുക്കുന്നത് ലോകം കൂടുതൽ അപകടത്തിലാണെന്നതിൻ്റെ സൂചനയാണ്.

ഇക്കൊല്ലത്തെ വെല്ലുവിളികൾ

ആണവായുധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, എഐ ഭീഷണി, ജൈവ ഭീഷണികൾ, ആഗോള ജൈവ ഭീഷണികളെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ അഭാവം. വ്യാജവാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപനം എന്നിവയെ മനുഷ്യരാശി നേരിടുന്ന മൂന്ന് പ്രധാന ആശങ്കകളായി സംഘടന ചൂണ്ടിക്കാട്ടി. ഇവയാണ് ക്ലോക്കിലെ സമയം അർദ്ധരാത്രിയോട് കൂടുതൽ അടുപ്പിക്കാൻ കാരണമായതെന്ന് ‘ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്‌സ്’ വ്യക്തമാക്കുന്നു.

“നമ്മൾ തന്നെ വികസിപ്പിച്ചെടുത്ത അപകടകരമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നമ്മുടെ ലോകത്തെ നശിപ്പിക്കാൻ നമ്മൾ എത്രത്തോളം അടുത്തെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന രൂപകൽപ്പനയാണിത്,” എന്ന് ഈ കൂട്ടായ്മ വ്യക്തമാക്കുന്നു.

മനുഷ്യർ അഭിമുഖീകരിക്കേണ്ടി വരുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലായി 1947-ലാണ് ഡൂംസ്ഡേ ക്ലോക്ക് സ്ഥാപിച്ചത്. ആൽബർട്ട് ഐൻസ്റ്റീൻ, മാൻഹട്ടൻ പ്രോജക്റ്റ് ഡയറക്ടർ ജെ. റോബർട്ട് ഓപ്പൺഹൈമർ, ആദ്യത്തെ ആറ്റോമിക് ആയുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ച ഷിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എന്നിവർ ചേർന്നാണ് ഇതിന് തുടക്കമിട്ടത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബുകൾ ഇട്ട് രണ്ട് വർഷത്തിന് ശേഷം, ആദ്യമായി ഈ ക്ലോക്ക് ക്രമീകരിച്ചപ്പോൾ അർദ്ധരാത്രിക്ക് ഏഴ് മിനിറ്റ് മുമ്പായിരുന്നു സമയം.

അതിനുശേഷം, ക്ലോക്കിലെ സമയം പലതവണ മുന്നോട്ടും പിന്നോട്ടും മാറ്റിയിട്ടുണ്ട്. 1991-ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷും സോവിയറ്റ് പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവും തങ്ങളുടെ ആണവായുധശേഖരം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ക്ലോക്ക് അർദ്ധരാത്രിയിൽ നിന്ന് 17 മിനിറ്റ് ദൂരത്തേക്ക് മാറ്റിയിരുന്നു, ഇതാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ ദൂരം. 2025-ൽ ക്ലോക്ക് അർദ്ധരാത്രിക്ക് 89 സെക്കൻഡ് മുമ്പായിരുന്നു. 2024-ലും 2023-ലും ഇത് 90 സെക്കൻഡിലായിരുന്നു നിശ്ചയിച്ചിരുന്നത്.

The ‘Doomsday Clock’ has just 85 seconds left until the final countdown.

More Stories from this section

family-dental
witywide