ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് തിരുവനന്തപുരത്ത് സമാപനമായി. കേരളത്തില്‍ പ്രവാസി ക്ഷേമ നടപടികള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ഹൈ പവര്‍ കമ്മിറ്റി രൂപികരിക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, DGP എന്നിവര്‍ അംഗങ്ങളായിരിക്കും. മാസത്തില്‍ ഒരു തവണ ഹൈ പവര്‍ കമ്മിറ്റി ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുശക്തമായ കുടിയേറ്റം നിയമം അനിവാര്യമെന്നും ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. താല്‍ക്കാലിക കുടിയേറ്റം മാത്രം ഉറപ്പാക്കുന്നതാണ് പ്രവാസി സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള ബില്ലുകള്‍ എന്ന പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും സുശക്തമായ കുടിയേറ്റ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള സമ്മര്‍ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിശോധിക്കും. എന്തെല്ലാം നടപ്പിലാക്കാന്‍ കഴിയും എന്നതിന്റെ ശുപാര്‍ശ നല്‍കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
ലോക കേരളസഭ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം വിമര്‍ശകരുടെ വായടപ്പിക്കുന്നതെന്നും മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത ഒരു പ്യുവര്‍ കേരള മോഡലാണ് ലോക കേരളസഭയെന്നും ചടങ്ങിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷം ലോകകേരളസഭ ബഹിഷ്‌കരിച്ചിരുന്നു.
The fifth edition of the World Kerala Sabha concludes; High Power Committee to be formed to consider the security issues of expatriates











