ലോകോത്തിന്റെ ഏതു കോണിലുള്ള പ്രവാസി മലയാളി സഹോദരനും ലോക കേരള സഭയിലെ അംഗത്വം വലിയൊരു അഭിമാനമായാണ് കരുതുന്നതെന്നും കേരളത്തിൻ്റെ സമൂഹത്തെയും സംസ്കാരത്തെയും കെട്ടിപ്പടുക്കുന്നതിൽ കേരളത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഒരുപോലെ നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭാ നടപടികൾ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ എല്ലാവരും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ, ഈ സംരംഭത്തോട് ചിലർ ഇന്നും വിമുഖത കാണിക്കുന്നത് നിർഭാഗ്യകരമാണ്. ലോക കേരള സഭയിൽ പങ്കെടുക്കുന്ന വ്യക്തികളെപ്പോലും മോശമായി വിമർശിക്കുന്ന രീതിയാണ് ചിലർ അവലംബിക്കുന്നതെന്നും ഇത്തരത്തിലുള്ള വിയോജിപ്പുകൾ എന്തിനാണ് രേഖപ്പെടുത്തുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്നുള്ള എതിർപ്പിനെ ‘ദുർവാശി’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി മുൻപുണ്ടായിരുന്ന അത്ര കഠിനമായ എതിർപ്പ് ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും കാരണം ലോക കേരള സഭയുടെ പൊതുവായ അംഗീകാരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രവാസി വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡെസ്കക്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
The Loka Kerala Sabha is progressing; Chief Minister says it is the pride of the expatriates and the opposition’s is an incomprehensible nuisance













