
രാജു മൈലപ്ര (മീഡിയ അഡ്വൈസർ)
മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പ്രവർത്തനോഘാടനം വൈവിധ്യമാർന്ന വർണ്ണാശബളമായ കലാപരിപാടികൾ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ‘മാറ്റിൻ്റെ ‘ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്തു.ഫെബ്രുവരി 28 ന് ശനിയാഴ്ച വൈകുന്നേരം ആറുമണിയോട് കൂടിയാണ് ടാമ്പ ക്നാനായ കമ്മ്യൂണിറ്റി സെൻ്ററിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായത്. അമേരിക്കയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നും എത്തിച്ചേർന്ന സാംസ്കാരിക, സാമുദായിക, ഫൊക്കാന – ഫോമാ പ്രതിനിധികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

മുൻ പ്രസിഡൻ്റ് ജോൺ കല്ലോലിക്കൽ തൻ്റെ ആമുഖ പ്രസംഗത്തിന് ശേഷം പുതുതായി സ്ഥാനമേൽക്കുന്ന ഭാരവാഹികളെ സ്റ്റേജിലേക്ക് ക്ഷണിച്ചു.വിശിഷ്ടാതിഥികളായി എത്തിയ ഡോ. സൗമ്യ വിശ്വനാഥ് , ഗിരീഷ് നാരായണൻ എന്നിവരോടൊപ്പം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ബിജോയ് ജോസഫും കമ്മറ്റിയംഗങ്ങളുടെ വേദിയിലെത്തി. മുൻ പ്രസിഡൻ്റ് സുനിത ഫ്ലൗവർഗിൽ ചൊല്ലിക്കൊടുത്ത സത്യ പ്രതിജ്ഞവാചകം ഏറ്റു ചൊല്ലി പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ഭദ്രദീപം തെളിയച്ചതിന് ശേഷം, പ്രസിഡൻ്റ് ബിജോയ് ജോസഫ് തന്നിൽ വിശ്വസാമർപ്പിച്ച് ഏൽപ്പിച്ച ചുമതലകൾ കാര്യക്ഷമമായി ആത്മാർത്ഥതയോടു കൂടി പ്രാവർത്തികമാക്കുമെന്ന് ഉറപ്പു നൽകി.’മാറ്റിൻ്റെ പ്രവർത്തനങ്ങൾ കമ്മറ്റിയംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൂടുതൽ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടുതൽ യുവജന പങ്കാളിത്വം, കൂടുതൽ വനിതാ പ്രാതിനിധ്യം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പ്രധാന അതിഥിയായി എത്തിയ BayCare Medical Physician executive ഡോ. സൗമ്യ വിശ്വനാഥ് പാരമ്പര്യമായി കേരളത്തോടു തനിക്കുള്ള കുടുംബ ബന്ധം സദസ്യരുമായി പങ്കുവെച്ചു. മെഡിക്കൽ സേവന രംഗത്ത് ടാമ്പാ മലയാളികൾ ചെയ്യുന്ന മഹത്തായ സേവനങ്ങളെ അവർ പ്രശംസിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഗിരീഷ് നാരായണൻ്റെ ഫ്യൂഷൻ സംഗീതം ഏവരും ആസ്വദിച്ചു.
തുടർന്നു മൂന്നുമണിക്കൂറുകളോളം ഇടവേളകളില്ലാതെ അരങ്ങേറിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾ കാണികളെ വിസ്മയഭരിതരാക്കി. ജിനിത ചാലയിൽ , ജോമോൻ തെക്കത്തോട്ടിൽ എന്നിവർ എം.സിമാരായി പരിപാടികൾ നിയന്ത്രിച്ചു. ഇൻഡ്യൻ വിഭവങ്ങളടങ്ങിയ ഡിന്നറോടു കൂടി പരിപാടികൾ സമാപിച്ചു.
The Malayali Association of Tampa (MAT) inaugurated with grandeur














