ഇറാനെതിരായ സൈനിക നടപടിക്ക് പേര് ‘ഗർജ്ജിക്കുന്ന സിംഹം’, പേരിട്ടത് നെതന്യാഹു, ആക്രമണ തീയതി നിശ്ചയിച്ചത് ആഴ്ചകൾക്കുമുമ്പെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിക്കുകയും മിഡിൽ ഈസ്റ്റിലാകെ ഭീതിപടർത്തുകയും ചെയ്ത് ഇസ്രായേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ സൈനിക നീക്കത്തിന് “റോറിംഗ് ലയൺ” (ഗർജ്ജിക്കുന്ന സിംഹം) എന്ന് പേരിട്ടതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ ഇറാൻ്റെ പ്രധാന ആണവനിലയങ്ങൾ ആക്രമിക്കുകയും സൈനിക നേതൃത്വത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയും ചെയ്ത “റൈസിംഗ് ലയൺ” (Rising Lion – ഉദിച്ചുയരുന്ന സിംഹം) എന്ന ഓപ്പറേഷന് പിന്നാലെയാണ് പുതിയ ദൗത്യത്തിൻ്റെ പേരിലും “സിംഹം” എന്ന വാക്ക് വീണ്ടും കടന്നുവരുന്നത്.

പഴയ നിയമത്തിലെ സംഖ്യാപുസ്തകം 23:24-ലെ ഒരു വാക്യത്തെ ആസ്പദമാക്കിയാണ് അന്ന് ഇസ്രായേൽ ഈ പേര് സ്വീകരിച്ചത്: “ഒരു സിംഹിയെപ്പോലെ ജനം എഴുന്നേൽക്കുന്നു; സിംഹത്തെപ്പോലെ അവർ നിവിർന്നുനിൽക്കുന്നു; ഇരയെ വിഴുങ്ങാതെയും കൊല്ലപ്പെട്ടവരുടെ രക്തം കുടിക്കാതെയും അവർ വിശ്രമിക്കില്ല.” – എന്നായിരുന്നു അത്.

പുരാതന ഇസ്രായേൽ രൂപീകരിക്കുകയും രാജ്യം കെട്ടിപ്പടുക്കുകയും ചെയ്ത പന്ത്രണ്ട് ഗോത്രങ്ങളിൽ ഒന്നായ ‘യൂദാ’ ഗോത്രത്തിൻ്റെ വീര്യത്തെയാണ് സിംഹം പ്രതീകപ്പെടുത്തുന്നത്. ആധുനിക ഇസ്രായേലിലെ യഹൂദ ജനതയുടെ പൂർവ്വികർ ഈ യൂദാ ഗോത്രക്കാരാണ്. ബൈബിളിലെ യാക്കോബ് തൻ്റെ നാലാമത്തെ മകനായ യൂദായെ “(യൂദാ) ഒരു സിംഹക്കുട്ടിയാണ്” (ഉല്പത്തി 49:9) എന്ന് പറഞ്ഞ് അനുഗ്രഹിച്ചതോടെയാണ് സിംഹവും യൂദാ ഗോത്രവും തമ്മിലുള്ള ബന്ധം ആരംഭിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ഏകോപിപ്പിച്ച് മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കുന്നതെന്നും ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് ഇതിൻ്റെ തീയതി നിശ്ചയിച്ചതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളുടെ ഏറ്റവും പുതിയ ഘട്ടം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. അമേരിക്കയുമായുള്ള ചർച്ചകൾക്കിടയിൽ ഇറാൻ ആക്രമിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലുമായുണ്ടായ 12 ദിവസത്തെ സംഘർഷത്തിനൊടുവിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായ സാഹചര്യമാണ് അവർ ഇതിന് ഉദാഹരണമായി പറയുന്നത്. വെള്ളിയാഴ്ച ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നയതന്ത്രത്തിന് മുൻഗണന നൽകുകയാണെങ്കിൽ ഒരു കരാർ “കൈയെത്തും ദൂരത്താണ്” എന്ന് അദ്ദേഹം പറഞ്ഞു. “പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കാനും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുന്ന സമാനതകളില്ലാത്ത ഒരു ഉടമ്പടിയിൽ എത്താൻ നമുക്ക് ചരിത്രപരമായ അവസരമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ചർച്ചകളിലെ പുരോഗതിയിൽ താൻ സംതൃപ്തനല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. “ഞങ്ങൾ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല എന്ന പ്രധാനപ്പെട്ട വാക്ക് പറയാൻ അവർ ആഗ്രഹിക്കുന്നില്ല,” ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധ പദ്ധതി ഉണ്ടാകില്ലെന്ന് സമ്മതിപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന ഇറാൻ്റെ വാദത്തെ ട്രംപ് ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്.

അതിനിടെ, ശനിയാഴ്ച ഇറാനിലുണ്ടായ പുതിയ ആക്രമണങ്ങൾക്ക് പകരം വീട്ടാൻ ടെഹ്‌റാൻ തയ്യാറെടുക്കുന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിൽ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് സൈനിക സന്നാഹങ്ങൾ നീക്കിയതോടെ, ഏതൊരു ആക്രമണത്തിനും തങ്ങൾ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. “തങ്ങളുടേത് ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് പറയുന്നു. എന്നാൽ ഈ കരുത്തുറ്റ സൈന്യത്തിന് ചിലപ്പോൾ അത്ര കഠിനമായ പ്രഹരമേൽക്കും, അതിന് ശേഷം അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയില്ല,” കഴിഞ്ഞയാഴ്ച ഖമേനി പറഞ്ഞു. “അവരുടെ യുദ്ധക്കപ്പലിനേക്കാൾ അപകടകാരി, ആ യുദ്ധക്കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധമാണ്,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

The military operation against Iran is called ‘Roaring Lion’, named by Netanyahu.

Also Read

More Stories from this section

family-dental
witywide