
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന പ്രചാരണം ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിൻ്റെ പെട്രോളിയം, വിദേശകാര്യ നയങ്ങളെ വിമർശിക്കാൻ സിപിഎമ്മിന് മടിയാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പാചകവാതക ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മോദിയും പിണറായിയും ശൈലിയിൽ ഒന്നാണെന്നും, പോസ്റ്ററുകളിൽ സ്വന്തം ചിത്രം മാത്രം പതിപ്പിക്കുന്ന കാര്യത്തിൽ പോലും ഇരുവരും സമാനത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കേന്ദ്ര ഏജൻസികൾ നിരന്തരം വേട്ടയാടുമ്പോൾ, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സിപിഎം നേതാക്കൾക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. സിപിഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ ബിജെപി സർക്കാർ തയ്യാറാകാത്തത് ഇരുപാർട്ടികളും തമ്മിലുള്ള ‘ഡീലിന്’ തെളിവാണ്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ‘സിപിഎം മുക്ത കേരളം’ എന്ന് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു വൻകിട വ്യവസായം പോലും കൊണ്ടുവരാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 95 ശതമാനവും വായ്പാ തിരിച്ചടവിനും പലിശയ്ക്കുമായാണ് ഉപയോഗിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഞ്ച് പ്രധാന ഗ്യാരണ്ടികൾ ഉടൻ നടപ്പാക്കുമെന്നും, എംഎൽഎമാരുമായും പാർട്ടി നേതൃത്വവുമായും കൂടിയാലോചിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
The move against Rahul Gandhi will make BJP happy; Sachin Pilot says Pinarayi and Modi are one












