വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; ഹൈക്കോടതിയിൽ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയെന്ന് പറയപ്പെടുന്ന സിനിമക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി നൽകി പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

അതേസമയം, ഫെബ്രുവരി ആറിനാണ് പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തിൽ നടന്ന പല സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമയെന്നും സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിലുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും പ്രസാദ് നൂറനാട് പറഞ്ഞു.

നിലവിൽ കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. വിചാരണ തടവിലിരിക്കെ തൂങ്ങി മരിക്കാൻ ശ്രമിച്ച അഫാനെ ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതൃ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്.

The release of the film based on the Venjaramoodu massacre should be stopped; Accused Afan’s father files a petition in the High Court

More Stories from this section

family-dental
witywide