പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് പുതിയ തീരുമാനം. ഈ നീക്കത്തിന് പിന്നിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ആഗോള രാഷ്ട്രീയ സാഹചര്യം ഇന്ധന വിതരണത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക. കൂടാതെ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും.
കുടിയേറ്റ തൊഴിലാളികൾക്കായി അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. സിലിണ്ടറുകൾ ലഭ്യമാകുന്നതിന് വാണിജ്യ ഉപഭോക്താക്കൾ ഓയിൽ മാർക്കറ്റിങ് കമ്പനികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
കൂടാതെ, അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പിഎൻജി കണക്ഷനായി അപേക്ഷ നൽകുകയും അത് സ്വീകരിക്കാൻ സജ്ജരാകുകയും വേണം എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്കായി ജനങ്ങൾ പരിഭ്രാന്തരായി മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതി കുറഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.
The shortage is being solved; the central government has allocated 20 percent additional share of commercial LPG










