തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ ‘നേറ്റിവിറ്റി കാർഡ്’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കുന്നതിനായുള്ള നിയമനിർമാണം നടത്തുമെന്നും ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ എസ്ഐആർ നടപ്പാക്കുന്നത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തിൽ താമസിച്ചുവരുന്ന ജനങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാനും അവരുടെ ആശങ്കകൾ അകറ്റാനുമാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. പൗരത്വ വിഷയത്തിലുള്ള കേരളത്തിന്റെ ശക്തമായ പ്രതിരോധമായാണ് ഈ പുതിയ കാർഡിനെ സർക്കാർ ഉയർത്തിക്കാട്ടുന്നത്.
നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം നൽകുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്തും. നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഓരോ തവണയും വില്ലേജ് ഓഫീസുകളിൽ നിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത് ഒഴിവാക്കാനും ഈ ഏകീകൃത കാർഡ് സഹായിക്കും.
കേരളീയർ എന്ന നിലയിലുള്ള പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും കേന്ദ്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കടന്നുകയറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മതസാമുദായിക സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായും 10 കോടി രൂപ അധികമായി ബജറ്റിൽ നീക്കിവെച്ചു.
The state government announced the Nativity Card Scheme in the budget, allocating Rs 20 crore.











