“ഭരണഘടന അനുസരിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ ഇന്ത്യ വിട്ടുപോകൂ”: വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയത്തിൽ മെറ്റയെ ശാസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അനുസരിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകൂ” എന്ന് മെറ്റയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. വാട്ട്‌സ്ആപ്പിൻ്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടാണ് യുഎസ് കമ്പനിയായ മെറ്റയെ സുപ്രീം കോടതി ചൊവ്വാഴ്ച കടുത്ത ഭാഷയിൽ വിമർശിച്ചത്. “നിങ്ങൾക്ക് സ്വകാര്യത വെച്ച് കളിക്കാൻ കഴിയില്ല… ഞങ്ങളുടെ ഡാറ്റയുടെ ഒരു അംശം പോലും പങ്കിടാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

വാട്ട്‌സ്ആപ്പിൻ്റെ 2021-ലെ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ഹർജിയും, മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി ശരിവെച്ച ട്രിബ്യൂണൽ ഉത്തരവുമാണ് കോടതി പരിഗണിച്ചത്. പരസ്യ ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടുന്നത് സംബന്ധിച്ച സി.സി.ഐയുടെ അപ്പീലും കോടതിയുടെ മുൻപിലുണ്ട്.

വാണിജ്യ ആവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവെക്കുന്ന ഈ നയം “ചൂഷണപരമാണ്” എന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിമർശിച്ചു. ഇതിനോട് പ്രതികരിക്കവേയാണ്, “ഞങ്ങളുടെ ഭരണഘടന പിന്തുടരാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകൂ; പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന് ചീഫ് ജസ്റ്റിസ് തുറന്നടിച്ചത്.

The Supreme Court has strongly criticized Meta for its WhatsApp privacy policy.