H-1B വിസയിൽ വൻ മാറ്റങ്ങൾ; 1.03 ലക്ഷം ഡോളർ അധിക ഫീസ് മുതൽ 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കൽ വരെ

വാഷിങ്ടൺ: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്നതും ജോലി നഷ്ടപ്പെട്ട H-1B ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താൻ ലഭിക്കുന്ന സമയം കുറയ്ക്കുന്നതും H-1B ജീവനക്കാരുടെ ജീവിതപങ്കാളികളുടെ തൊഴിൽ അവകാശങ്ങളിൽ മാറ്റം വരുത്തുന്നതുമായ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം.

ഓഗസ്റ്റിൽ മുന്നോട്ടുവച്ച പ്രധാന H-1B മാറ്റങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും നിർദേശങ്ങളുടെ ഘട്ടത്തിലാണ്. എന്നാൽ ചിലത് ഔദ്യോഗിക നിയമനിർമാണ നടപടികളിലേക്ക് കടന്നിട്ടുണ്ട്.

H-1B അപേക്ഷയ്ക്ക് 1.03 ലക്ഷം ഡോളർ അധിക ഫീസ്

ഓഗസ്റ്റ് 25ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) പുറത്തിറക്കിയ നിർദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. വാർഷിക പരിധിക്ക് വിധേയമായ H-1B അപേക്ഷകൾക്ക് 1,03,265 ഡോളർ അധിക ഫീസ് ഈടാക്കാനാണ് നിർദേശം. 20,000 അഡ്വാൻസ്ഡ് ഡിഗ്രി ഇളവിന് അർഹമായ അപേക്ഷകൾക്കും ഈ ഫീസ് ബാധകമാകും. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ തുക അടയ്ക്കണം. നിലവിലുള്ള മറ്റ് ഫീസുകൾക്ക് പുറമേയായിരിക്കും ഈ അധിക തുക.

നിയമപരമായ കുടിയേറ്റ സംവിധാനം നടത്തുന്നതിനുള്ള ഫെഡറൽ സർക്കാരിന്റെ ചെലവ് തിരിച്ചുപിടിക്കുകയാണ് ഫീസ് ഏർപ്പെടുത്തുന്നതിന്റെ ലക്ഷ്യമെന്ന് DHS വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 85,000 അപേക്ഷകൾക്ക് ഈ ഫീസ് ബാധകമാക്കിയാൽ 8.8 ബില്യൺ ഡോളർ വരെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്. എന്നാൽ ഫീസ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

നിർദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം 2026 സെപ്റ്റംബർ 24 വരെ തുടരും. അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമേ അന്തിമ നിയമം കൊണ്ടുവരൂ. 2025ൽ പ്രഖ്യാപിച്ച 1 ലക്ഷം ഡോളർ H-1B പേയ്മെന്റിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ഫീസ്. ആ പേയ്മെന്റ് ജൂണിൽ ഫെഡറൽ ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.

ജോലി നഷ്ടപ്പെട്ടാൽ 60 ദിവസത്തെ സമയം ഇല്ലാതാകുമോ?

H-1B ജീവനക്കാർ ജോലി നഷ്ടപ്പെടുമ്പോൾ പുതിയ ജോലി കണ്ടെത്തുന്നതിനായി നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാനുള്ള നിർദേശവും DHS മുന്നോട്ടുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 6ന് നിർദേശം നിയമപരിശോധനയ്ക്കായി സമർപ്പിച്ചു. ഓഗസ്റ്റ് 27ന് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സ് പരിശോധന പൂർത്തിയാക്കി.

ഇതോടെ നിർദേശം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോയെങ്കിലും 60 ദിവസത്തെ ഗ്രേസ് പിരീഡ് നിലവിൽ തുടരുകയാണ്. നിർദേശത്തിലെ വിശദമായ വ്യവസ്ഥകൾ ഇതുവരെ പൂർണമായി പുറത്തുവിട്ടിട്ടില്ല.

H-1B ജീവിതപങ്കാളികളുടെ ജോലി അനുമതിയിലും മാറ്റത്തിന് നീക്കം

H-1B വിസയിലുള്ളവരുടെ ചില ജീവിതപങ്കാളികളെ തൊഴിൽ അനുമതിക്ക് അർഹരായ വിഭാഗത്തിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശവും DHS തയ്യാറാക്കുന്നുണ്ട്. യോഗ്യതയുള്ള H-4 ആശ്രിത ജീവിതപങ്കാളികൾക്ക് തൊഴിൽ അനുമതി നൽകുന്ന 2015ലെ നയം പിൻവലിക്കാനാണ് നിർദേശം ലക്ഷ്യമിടുന്നത്.എന്നാൽ ഈ നിർദേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. അതിനാൽ H-4 വിസയിലുള്ള ജീവിതപങ്കാളികളുടെ ജോലി അനുമതി ഉടൻ അവസാനിക്കുന്നില്ല. നിലവിലെ USCIS നിയമപ്രകാരം യോഗ്യതയുള്ളവർക്ക് തൊഴിൽ അനുമതി തുടരുന്നു.

The Trump administration has advanced several significant H-1B changes in August

More Stories from this section

family-dental
witywide