ജെനീവ: നൂറുകണക്കിന് ടൺ ആണവവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് ചൈന തയ്യാറെടുക്കുകയാണെന്നും രഹസ്യമായി ആണവപരീക്ഷണം നടത്തുന്നുവെന്നും യുഎസ് അന്താരാഷ്ട്ര സുരക്ഷാ സെക്രട്ടറി തോമസ് ഡിനാനോ. ജെനീവ കോൺഫറൻസിൽവെച്ചാണ് ഡിനാനോ ഇക്കാര്യം വ്യക്തമാക്കി. റഷ്യയേയും ചൈനയേയും ഉൾപ്പെടുത്തി ത്രികക്ഷി ആണവ കരാർ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന 2020 ജൂൺ 22-ന് രഹസ്യമായി ആണവപരീക്ഷണം നടത്തി. ഇത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണ്. ഇത് ചൈനയ്ക്ക് അറിയാവുന്നതുകൊണ്ട് അവർ ഇക്കാര്യങ്ങളൊക്കെ ലോകത്തിന് മുമ്പിൽ മൂടിവെക്കാൻ ശ്രമിക്കുകയാണ്. തോമസ് ഡിനാനോ കൂട്ടിച്ചേർത്തു. എന്നാൽ അമേരിക്കയുടെ ഈ ആരോപണങ്ങളെ ചൈന തള്ളിക്കളഞ്ഞു. ആണവവിഷയങ്ങളിൽ എല്ലായിപ്പോഴും ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും യുഎസ് തുടരുന്ന ഇത്തരം പ്രസ്താവനകൾ ചൈന ശ്രദ്ധയോടെയാണ് കാണുന്നതെന്ന് ചൈനീസ് അംബാസഡർ ഷെൻ ജിയാൻ പറഞ്ഞു.
ഇത്തരം തെറ്റായ കാര്യങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്നും ആയുധമത്സരം രൂക്ഷമാകാൻ കാരണം അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ടിൻ്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിനാണോ തുടക്കം കുറിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
The United States says China is preparing for nuclear tests and conducting secret nuclear tests.












