യുദ്ധം ജയിക്കാൻ പോകുന്നു; ഇറാന്റെ നാവികസേന ഇല്ലാതായി, അവരുടെ വ്യോമസേന തകർന്നു, അവരുടെ നേതാക്കൾ ഭൂരിഭാഗവും മരിച്ചു, ശക്തമായ ആക്രമണം ഉടനെയെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയുടെ ഇറാനെതിരായ യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്നും അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇറാനെ അതിശക്തമായി ആക്രമിക്കാൻ പോകുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് തങ്ങളുടെ പ്രധാന യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ വക്കിലാണെന്ന് ട്രംപ് വ്യക്തമാക്കിയത്. ഈ സൈനിക നടപടി ഉടൻ തന്നെ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ നാവികസേന പൂർണമായും ഇല്ലാതായി. അവരുടെ വ്യോമസേന തകർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ, ഇറാന്റെ അവരുടെ നേതാക്കളിൽ ഭൂരിഭാഗം പേരെയും വധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ദൗത്യം വളരെ വേഗത്തിൽ തന്നെ അമേരിക്ക പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ വഴി അമേരിക്കൻ സൈന്യം വേഗമേറിയതും നിർണ്ണായകവുമായ വിജയങ്ങൾ കൈവരിച്ചതായി ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ, ലോകത്തിലെ ഭീകരവാദത്തിൻ്റെ പ്രധാന സ്പോൺസറായ ഇറാനെതിരെയുള്ള ഈ പോരാട്ടത്തിൽ പൂർത്തിയാകാറായി. യുദ്ധം വൈകാതെ അവസാനിക്കും. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡ് ഘടന തകർക്കപ്പെടുകയും മിസൈൽ-ഡ്രോൺ വിക്ഷേപണ സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന്റെ പടിവാതിൽക്കൽ ആയിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായും ട്രംപ് അവകാശപ്പെട്ടു.

ആയുധ നിർമ്മാണ ശാലകൾ ഉൾപ്പെടെയുള്ളവ തകർത്തതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തങ്ങളുടെ ശത്രുക്കൾ പരാജയപ്പെടുകയാണെന്നും അമേരിക്കൻ സൈന്യം കൂടുതൽ കരുത്തോടെ മുന്നേറുകയാണ്. യുദ്ധത്തിൽ മരണപ്പെട്ട 13 സൈനികരെ ആദരിക്കാൻ ഡോവർ എയർ ഫോഴ്‌സ് ബേസ് സന്ദർശിച്ചതായും, ദൗത്യം പൂർത്തിയാക്കിയാണ് അവരുടെ ആദരം നടത്തേണ്ടതെന്നും ട്രംപ് വ്യക്തമാക്കി.

ആർട്ടെമിസ് II വിജയകരമായി വിക്ഷേപിച്ചതിന് നാസയിലെ ടീമിനെ അഭിനന്ദിച്ചും ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ധീരരായ ക്രൂവിനെ പ്രശംസിച്ചുമാണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. അമേരിക്ക – ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ കൂടെ നിൽക്കുന്ന ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും പ്രസംഗത്തിൽ ട്രംപ് നന്ദി പറഞ്ഞു. കൂടാതെ മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് തുറക്കാൻ നേതൃത്വം നൽകണമെന്നും ട്രംപ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

The war is going to be won; Iran’s navy is gone, their air force is destroyed, most of their leaders are dead, a strong attack is imminent, Trump says

More Stories from this section

family-dental
witywide