
വാഷിങ്ടൺ: യുഎസ് ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും എണ്ണ വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യയുടെ വിപുലമായതും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങുന്നത് പുനരാരംഭിക്കുന്നത് അനുവദിക്കാൻ യുഎസ് തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
യുഎസ് ഉപരോധങ്ങൾ വ്യാപാരം നിയന്ത്രിക്കുന്നതിന് മുൻപ് വെനസ്വേലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളായിരുന്നു ഇന്ത്യ. സംസ്കരണശാലകൾക്ക് ആവശ്യമായ വലിയ അളവിലാണ് ഇന്ത്യ വെനസ്വേലയുടെ പക്കൽനിന്ന് എണ്ണ വാങ്ങിയിരുന്നത്. ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് അടുത്തിടെ ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് നടത്തിയ പ്രസ്തതാവനകൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
വെനസ്വേലൻ എണ്ണയുടെ വിപണനം യുഎസ് പുനരാരംഭിക്കുകയാണെന്നും എന്നാൽ കർശനമായി നിയന്ത്രിത ഘടനയിൽ മാത്രമായിരിക്കുമെന്ന് ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞത്. യുഎസ് ഗവൺമെൻ്റ് എണ്ണ വിപണനം ചെയ്യുമെന്നും റൈറ്റ് കൂട്ടിച്ചേർത്തു. നിലവിൽ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വെനസ്വേലൻ എണ്ണ വിപണനം ചെയ്യാനാണ് യുഎസ് പദ്ധതിയിടുന്നതെന്നും ഭാവി ഉത്പാദനത്തിൽ നിന്നുള്ള വിൽപന തുടരുമെന്നും ന്യൂയോർക്കിൽ നടന്ന ഒരു ഊർജ്ജ സമ്മേളനത്തിൽ റൈറ്റ് പറഞ്ഞു.
വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം പുതിയ ക്രമീകരണത്തിലൂടെ യുഎസ് 50 ദശലക്ഷം ബാരൽ വരെ വെനസ്വേലൻ ക്രൂഡ് സംസ്കരിച്ച് വിൽക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്‌താവിച്ചിരുന്നു. മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ, ലോകത്തിലെ ഏറ്റവും വലിയ ചില എണ്ണ കമ്പനികളുടെ എക്സിക്യുട്ടീവുകൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെ ഈ നീക്കം ഒരു സാമ്പത്തിക അവസരമായും രാഷ്ട്രീയ പുനഃക്രമീകരണമായുമാണ് ട്രംപ് അവതരിപ്പിച്ചത്.














