
കോട്ടയം: കേരളത്തിലെയും കേന്ദ്രത്തിലെയും സ്ഥിതികൾ പരിഗണിച്ച് ഇക്കുറി ഭരണമാറ്റം വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ച് ബാവാ ഊന്നിപ്പറഞ്ഞു. “ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ. വോട്ടിംഗിലെ നല്ല പോളിംഗ് ശതമാനം ശുഭലക്ഷണമാണ്. അത് ജനങ്ങളുടെ അവബോധത്തെയാണ് സൂചിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, വിദേശ സഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സഭകളും മറ്റ് സംഘടനകളും നേരിടുന്ന വെല്ലുവിളികൾ വോട്ടർമാർ പരിഗണിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ആറന്മുള മണ്ഡലത്തിൽ സഭാംഗങ്ങളായ രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “രണ്ട് സഭാമക്കളിൽ ആര് ജയിച്ചാലും തനിക്ക് സന്തോഷമേയുള്ളൂ” എന്നായിരുന്നു ബാവായുടെ മറുപടി. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കാൻ ജനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“The will of the people is important in the change of regime; issues including FCRA are on the people’s minds” – Baselios Mar Thoma Mathews III














