
തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി വരുണിനെ പൊലീസ് പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ നിന്ന് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിരണം സ്വദേശിയായ വരുൺ സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇയാളെ തിരുവല്ലയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ കഴിയാൻ ശ്രമിച്ച പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കുടുക്കിയത്. ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഒടുവിൽ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കിയതോടെ പൊലീസ് വലയിലാവുകയായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മരണ സുബിൻ, ബെർലിൻ ദാസ് എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇയാളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായി.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ കഴിയുന്ന ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഉടൻ തന്നെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സ്പാ കേന്ദ്രത്തിനെതിരെയും ഉടമകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Third Accused in Thiruvalla Spa Gangrape Case Arrested in Kochi Based on Mobile Location













