
ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെ, മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റും സ്ട്രൈക്ക് ഗ്രൂപ്പും മധ്യപൂർവദേശത്തേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ രണ്ട് യുഎസ് വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പുകൾ മേഖലയിൽ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ സംഘത്തെയും അയക്കുന്നത്. ഞായറാഴ്ച സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ട റൂസ്‌വെൽറ്റും സംഘവും നവംബർ മധ്യത്തോടെ മധ്യപൂർവദേശത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് മാർച്ച് മുതൽ മേഖലയിൽ തുടരുകയാണ്. യുഎസ്എസ് ജോർജ് വാഷിങ്ടൺ ജപ്പാനിൽ നിന്ന് ഏകദേശം ഒരു മാസം മുമ്പാണ് മേഖലയിലേക്ക് അയച്ചത്. മൂന്ന് വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പുകൾ വരെ മധ്യപൂർവദേശത്ത് ഒരേസമയം വിന്യസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കൂടുതൽ സൈനിക ശക്തിയാണെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ റൂസ്‌വെൽറ്റ് നിലവിൽ മേഖലയിലുള്ള ഏതെങ്കിലും വിമാനവാഹിനിക്കപ്പലിന് പകരമായാണോ എത്തുന്നത്, അതോ അധികമായി വിന്യസിക്കുകയാണോ എന്നത് വ്യക്തമല്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയതിന് പിന്നാലെയാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കുന്നത്.‘ടൈം’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ സൈനിക ആക്രമണം ശക്തമാക്കുന്നത് സാധ്യതയാണെന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ ഇറാൻ നയതന്ത്ര ചർച്ചകൾ വൈകിപ്പിക്കുകയാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും ബോംബാക്രമണം നടത്തുമോ എന്ന ചോദ്യത്തിന് ‘സാധ്യതയുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടാതെ, ഇസ്രയേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ പൈലറ്റിനെതിരായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയാൽ ഇറാന് നേരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയാൽ യുഎസ് തിരിച്ചടിക്കുമോയെന്ന ചോദ്യത്തിന്, ‘അവർക്ക് വളരെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനുള്ള സാധ്യതയും അനിശ്ചിതത്വത്തിലാണ്. ടെഹ്റാൻ വാഷിങ്ടണിലേക്ക് നൽകിയ നിർദേശത്തെക്കുറിച്ച് ഇരുപക്ഷവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ട്രംപ് നിർദേശം പരസ്യമായി തള്ളിയെങ്കിലും യുഎസിൽ നിന്ന് മറുപടി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും ഇറാൻ അറിയിച്ചു. നിർദേശം തള്ളിയതിന് പിന്നാലെ നാല് ദിവസം മുമ്പ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ ഇറാനുമായി ചർച്ച നടത്താൻ താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
ന്യൂയോർക്കിൽ നടന്ന 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും സംഘവും ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി യുഎസ് ഉദ്യോഗസ്ഥരുമായി പരോക്ഷ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകൾ അരാഘ്ചി ചർച്ചയിൽ മുന്നോട്ടുവച്ചെങ്കിലും വ്യക്തമായ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
Third US aircraft carrier, USS Theodore Roosevelt, on way to Middle East as Trump renews Iran strike threat









