സുധാകരനെ അനുനയിപ്പിച്ച് ഖർഗെയും വേണുഗോപാലും; കോൺഗ്രസിലെ സ്ഥാനാർഥി തർക്കത്തിൽ മഞ്ഞുരുകിയതിങ്ങനെ

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് പരിസമാപ്തിയായിരിക്കുകയാണ്. മല്ലികാർജുൻ ഖർഗെയും കെ.സി. വേണുഗോപാലും നേരിട്ട് ഇടപെട്ടതോടെ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങളിൽ മഞ്ഞുരുകി. തൻ്റെ വാക്കുകൾ രാഹുൽ ഗാന്ധിയുടേത് കൂടിയാണെന്ന ഖർഗെയുടെ ഉറപ്പ് സുധാകരനെ അനുനയിപ്പിക്കുന്നതിൽ നിർണ്ണായകമായെന്നാണ് പുറത്തുവരുന്ന വിവരം.

മുതിർന്ന നേതാവെന്ന നിലയിൽ സുധാകരന്റെ പരാതികൾ നേരിട്ട് കേൾക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇടപെട്ടതോടെയാണ് അനുനയത്തിന് വഴിതെളിഞ്ഞത്. അന്തിമ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുന്നതിന് മുൻപ് സുധാകരനുമായി നേരിട്ട് സംസാരിക്കണമെന്ന് ബെംഗളൂരുവിലായിരുന്ന ഖർഗെയോട് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഖർഗെ സുധാകരനുമായി ആശയവിനിമയം നടത്തി. പ്രത്യേക ഇളവുകൾ നൽകാൻ കഴിയില്ലെന്നും പാർട്ടിയുമായി പൂർണ്ണമായി സഹകരിച്ച് പ്രചാരണ രംഗത്ത് സജീവമാകണമെന്നും ഖർഗെ നിർദേശിച്ചു.

എന്നാൽ, കേന്ദ്ര നേതൃത്വവുമായി നേരിട്ട് കണ്ട് സംസാരിക്കണമെന്ന നിലപാടിലായിരുന്നു സുധാകരൻ. ഈ ആവശ്യം പരിഗണിച്ച ഖർഗെ, രണ്ട് ദിവസത്തിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രാഹുൽ ഗാന്ധിയോടൊപ്പം സുധാകരനെ നേരിട്ട് കാണാമെന്ന് ഉറപ്പുനൽകി. തൻ്റെ വാക്കുകൾ രാഹുൽ ഗാന്ധിയുടേത് കൂടി ആണെന്ന് ഖർഗെ വ്യക്തമാക്കിയതോടെ സുധാകരൻ വഴങ്ങുകയായിരുന്നു. ഖർഗെയുടെ ഉറച്ച വാക്കുകൾ പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാനും നേതാക്കൾക്കിടയിലെ മഞ്ഞുരുകാനും കാരണമായി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായി മുന്നിലുണ്ടാകുമെന്നാണ് സൂചന.

This is how the ice melted in the Congress candidate dispute

More Stories from this section

family-dental
witywide