നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിയുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര വാഗ്ദാനമല്ല യുഡിഎഫിന്റെ ഉറപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പദ്ധതി കൂടുതൽ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനും കെസി വേണുഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കെഎസ്ആർടിസി യാത്രയിൽ പങ്കുചേർന്നു.
കുഴൽമന്ദം വരെയുള്ള കെസി വേണുഗോപാലിന്റെയും രമേഷ് പിഷാരടിയുടെയും യാത്ര സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ ട്രയൽ റൺ കൂടിയായിരുന്നു . യാത്രക്കാരായ ആളുകൾ മുഴുവൻ പദ്ധതിയെ വലിയതോതിൽ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ പദ്ധതി നടപ്പാക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാർ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീ യാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്‌സിഡിയായി സർക്കാർ കെ എസ് ആർ ടി സിക്ക് നൽകുമെന്നും ദൈനംദിന ജോലികൾക്കും പഠനത്തിനുമായി ബസിനെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതി ഒരു വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയും കെസി വേണുഗോപാൽ പങ്കുവെച്ചു. സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് ഇന്ദിരാ ഗ്യാരണ്ടിയുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
This is not a promise, this is an assurance from UDF; Indira’s guarantee is a double-bell for free travel in women in KSRTC says KC Venugopal









