ഇത്തവണയും പേരാവൂരിൽ യുഡിഎഫ് കളത്തിലിറക്കുന്നത് സണ്ണി ജോസഫിനെ തന്നെ, സിപിഐഎമ്മിൻ്റെ പരിഗണനയിൽ ശൈലജയും ബ്രിട്ടാസും

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സണ്ണി ജോസഫ് തന്നെ. കെ.പി.സി.സി. അധ്യക്ഷപദവിയോടെയാണ് അദ്ദേഹം നാലാം തവണ മത്സരിക്കുന്നത്. എതിർ സ്ഥാനാർത്ഥിയായി കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ച‌വെച്ച സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനാണ് കൂടുതൽ സാധ്യതയെങ്കിലും ജോൺ ബ്രിട്ടാസും കെ കെ ശൈലജയും പരിഗണനയിലുണ്ട്.

ക്രിസ്‌തീയ കുടിയേറ്റ മേഖല എന്നനിലയിൽ പേരാവൂരിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിപിഐഎമ്മിൽ ടേം കാലവധിക്ക് ഇളവ് നൽകിയാൽ കെ.കെ. ശൈലജയെ ഒരുതവണകൂടി പേരാവൂരിൽ പരീക്ഷിക്കുമോ എന്നും ഇതിന് ശൈലജ തയ്യാറാകുമോയെന്നതും ആളുകൾ നോക്കി കാണുന്നുണ്ട്. ഘടകകക്ഷിയിൽനിന്ന് പേരാവൂർ സിപിഐഎം ഏറ്റെടുത്തശേഷം കെ.കെ. ശൈജലജയിലൂടെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു.

എന്നാൽ, രണ്ടാം ടേമിൽ ശൈലജയെ സണ്ണി ജോസഫ് തോൽപ്പിച്ചു. വീണ്ടും സണ്ണിക്കെതിരേ മത്സരിക്കാൻ പാർട്ടിനേതൃത്വം ശൈലജയ്ക്ക് മുന്നിൽ നിർദേശം വെച്ചെങ്കിലും ഒടുവിൽ കൂത്തുപറമ്പിൽ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയെന്നനിലയിൽ ശൈലജ കാണിച്ച ഭരണപാടവം കഴിഞ്ഞതവണ മട്ടന്നൂരിൽ നേട്ടമായിരുന്നു. ഇതുതന്നെയാണ് പേരാവൂരിനൊപ്പം ശൈജലയുടെ പേരും ഉയർന്നുവരാൻ കാരണം.

പേരാവൂർ മണ്ഡലം എൻസിപിയിൽനിന്നാണ് സിപിഐഎം. ഏറ്റെടുത്തത്. ഘടകകക്ഷിയിൽനിന്ന് ഏറ്റെടുത്തതിനുശേഷം ഒരുതവണ മാത്രമേ എൽഡിഎഫിന് വിജയിക്കാനായുള്ളൂ. തുടർഭരണകാലത്തും മണ്ഡലത്തിന് ഇളക്കം തട്ടാത്തത് സിപിഐഎമ്മിൽ പുനർവിചന്തനത്തിനിടയാക്കിയിട്ടുണ്ട്. അതിനാൽ കേരള കോൺഗ്രസിന് (എം) പേരാവൂർ വിട്ടുനൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

കേരള കോൺഗ്രസിന് (എം) ലഭിച്ചാൽ പാർട്ടിയുടെ ഹൈപ്പവർ കമ്മിറ്റിയംഗം മാത്യു കുന്നപ്പള്ളിക്കാണ് സാധ്യത കല്പിക്കുന്നത്. മണ്ഡലത്തിലെ സ്വാധീനവും കുടുംബബന്ധങ്ങളും കുന്നപ്പള്ളിക്ക് അനുകൂല ഘടകങ്ങളാണ്. അതേസമയം, കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസിൽനിന്ന് ഏറ്റെടുത്ത പേരാവൂരിൽ ഇക്കുറിയും ബിജെപി തന്നെയാകും മത്സരിക്കുക.

This time too, UDF is fielding Sunny Joseph in Peravoor, while CPI(M) is considering Shailaja and Brittas.

More Stories from this section

family-dental
witywide